മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിനായി മമ്മൂട്ടിയും പൃഥ്വിരാജും പോരാട്ടം. 160 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സരിക്കുന്നത്.
മത്സരിക്കുന്ന 160 സിനിമകൾ 84 എണ്ണം പുതുമുഖ സംവിധായകരുടെതാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകളും മോഹൻലാലിന്റെ ഒരു സിനിമയും മത്സരിക്കുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദി കോർ’, റോബി വർഗീസ് രാജിന്റെ ‘കണ്ണൂർ സ്‌ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ.
ജിത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ‘നേര്’ ആണ് മോഹൻലാലിന്റെതായി മത്സരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തിൽ എത്തിയ ‘ആടുജീവിത’ത്തിലെ അഭിനയമാണ് പൃഥിരാജിനെ മത്സരത്തിന്റെ മുൻനിരയിലെത്തിക്കുന്നത്. ദുൽഖർ സൽമാന്റെ ‘കിംഗ് ഓഫ് കൊത്ത’, ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’, ഉർവശിയും പാർവതി തിരുവോത്തും ഒന്നിച്ച ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ എന്നീ സിനിമകളും മത്സരത്തിനുണ്ട്. ജൂറിയുടെ ആദ്യഘട്ട അവാർഡ് നിർണയ നടപടികൾ പൂർത്തിയായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
മത്സരത്തിനുള്ള ആകെ സിനിമകളിൽ നിന്നും 30 ശതമാനമാണ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ട് പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് തീരുമാനിക്കുന്ന 30 ഓളം സിനിമകൾ അന്തിമജൂറി വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിക്കുക.