തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനമായെങ്കിലും, കാലവർഷം എത്തിയ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെയുള്ള 12 ജില്ലകളിലും അടുത്ത ഏഴ് ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അറബിക്കടലിൽ രൂപപ്പെട്ട ചക്രവാദച്ചുഴിയുടെയും പടിഞ്ഞാറൻ കാറ്റിൻറെയും സ്വാധീനഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് കാലവർഷമെത്തിയത്. സാധാരണയേക്കാൾ രണ്ടു ദിവസം നേരത്തെയാണ് ഇത്തവണ മൺസൂൺ ആരംഭിച്ചത്. ആറ് ശതമാനം അധികം മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പെയ്ത കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു. എറണാകുളത്തും കോട്ടയത്തുമുൾപ്പെടെ വിവിധയിടങ്ങളിൽ വെള്ളം കയറി. വീടുകൾക്കു പുറമെ വ്യാപക കൃഷി നാശവുമുണ്ടായി. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
കേരളത്തിൽ എത്തുന്ന കാലവർഷം തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിൻറെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ മഴ നേരത്തെ എത്തിയാൽ ഈ പ്രദേശങ്ങളിൽ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.