കൊച്ചി: സിനിമകളുടെ കളക്ഷനുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കൾക്ക് താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അസോസിയേഷൻ അറിയിച്ചു. കൊച്ചിയിൽ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.
കളക്ഷൻ പെരുപ്പിച്ച് കാണിക്കാൻ ഇടനിലക്കാരായി നിൽക്കുന്ന പി ആർ ഏജൻസിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു. കൂടാതെ സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികൾക്കെതിരെ ബ്യൂറോ ഓഫ് സ്റ്റാൻഡേർഡ് നിഷ്കർഷിക്കുന്നതനുസരിച്ച് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനും യോഗം തീരുമാനിച്ചു.
ചലച്ചിത്രങ്ങളുടെ ഒടിടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നൽകാം എന്ന വാഗ്ദാനത്തിന് മേൽ ചില ആളുകൾ നിർമ്മാതാക്കളെ ചൂഷണം ചെയ്തിരുന്നു. ഇത് സംബന്ധിച്ച ഒരു വിവരവും ജിയോ സിനിമയ്ക്ക് അറിയില്ല. ഒടിടി അവകാശം വാങ്ങി നൽകാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്നാണ് ജിയോ സിനിമ നൽകിയ മറുപടി.