ബംഗളൂരു: അന്നൂ കപൂർ ചിത്രം ഹമാരേ ബാരാഹിന് പ്രദർശനാനുമതി നിഷേധിച്ച് കർണാടക സർക്കാർ.വർഗീയ സംഘർഷം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് സർക്കാരിന്റെ വിലക്ക്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ സിനിമ പ്രദർശിപ്പിക്കാനോ സംപ്രേക്ഷണം ചെയ്യാനോ പാടില്ലെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.എന്നാൽ മുസ്ലീം സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇത്തരം ഒരു തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന. രാജ്യത്തുടനീളം ജൂൺ 7 നാണ് ചിത്രത്തിന്റെ റിലീസ്.
മുസ്ലീം സമുദായത്തിലെ സ്ത്രീകൾക്കെതിരെയുള്ള അനീതികൾ തുറന്നു കാട്ടുന്ന ചിത്രമാണ് ഹമാരേ ബരാഹ്. മൻസൂർ അലി ഖാൻ സഞ്ജരി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം വികസിക്കുന്നത്. മൻസൂർ അലിയുടെ ആദ്യ ഭാര്യ പ്രസവ സമയത്താണ് മരിച്ചത്. എന്നിട്ടും ഇയാൾ രണ്ടാം ഭാര്യയോട് കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ആവശ്യപ്പെടുന്നു. ആറാം തവണയും ഗർഭിണിയായതിന് പിന്നാലെ ഭാര്യയ്‌ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഗർഭച്ഛിദ്രം നടത്തണമെന്നും ഡോക്ടർമാർ മൻസൂർ അലിയ്‌ക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ അയാൾ അതിന് തയ്യാറാകുന്നില്ല. ഒടുവിൽ രണ്ടാനമ്മയെ രക്ഷിക്കാൻ ആദ്യ ഭാര്യയിലെ മകൾളുടെ ശ്രമങ്ങൾ പിതാവിനെ കോടതിയിലെത്തിച്ചു.
അന്നു കപൂർ, അശ്വിനി കൽശേക്കർ, മനോജ് ജോഷി, രാഹുൽ ബഗ്ഗ, പാരിതോഷ് ത്രിപാഠി, തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ അണിയറ പ്രവർത്തകർക്ക് മതമൗലീക വാദികളുടെ ഭീഷണികൾ ഉണ്ടായിരുന്നു. ബിരേന്ദർ ഭഗത്, രവി എസ് ഗുപ്ത, സഞ്ജയ് നാഗ്പാൽ, ഷിയോ ബാലക് സിംഗ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിച്ചത്. കമൽ ചന്ദ്രയാണ് സംവിധാനം.