സിനിമയിലെ കഥാപാത്രം പ്രേക്ഷകനിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതിനുദാഹരണമാണ് അഭിനേതാവിനെ കഥാപാത്രമായി ജിവിതത്തിലും ആരാധിക്കുകയെന്നത്. 2022-ൽ റിഷബ് ഷെട്ടി സംവിധാനം ചെയ്ത അഭിനയിച്ച 'കാന്താര' എന്ന ചിത്രത്തിൽ ദൈവ എന്ന ദൈവീക രൂപമായുള്ള താരത്തിന്റെ പെർഫോമൻസ് സിനിമ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചിരുന്നു.
സിനിമയുടെ വിജയത്തിന് ശേഷം റിഷബ് ഷെട്ടിയായല്ല, ദൈവയായി തന്നെ താരത്തെ ആരാധിച്ചവരും ഏറെയാണ്. അത്തരത്തിൽ പ്രേക്ഷകർ തന്നോട് കാണിക്കുന്ന ആരാധനയെ കുറിച്ച് സംസാരിക്കുകയാണ് റിഷബ് ഷെട്ടി. കന്താര റിലീസായിട്ട് രണ്ട് വർഷത്തിനടുത്തായി. പല പരിപാടികൾക്ക് പോകുമ്പോഴും ആളുകൾ വന്ന് കാൽക്കൽ വീഴുകയും തൊഴുകയും ചെയ്യാറുണ്ട്. ഞാൻ ഒരു ദൈവിക അസ്തിത്വമല്ല, ഒരു നടൻ മാത്രമാണ്. കാന്താരയിൽ നിങ്ങൾ കണ്ടത് ഒരു കഥാപാത്രം മാത്രമാണ്. ആ ദൈവ ഞാനല്ല. എനിക്ക് സ്നേഹം നൽകിയതിന് ദൈവങ്ങളോടും ആളുകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ ഒരു കലാകാരനായി തന്നെ പരിഗണിക്കുക. ഭക്തി ദൈവങ്ങളായിരിക്കട്ടെ, നടൻ ഒരഭിമുഖത്തിൽ പറഞ്ഞു.
കാന്താര സിനിമയിലെ ദൈവ എന്ന വേഷമിടാൻ മാനസികമായും ശാരീരികമായും താരം നടത്തിയിരുന്ന തായാറെടുപ്പുകൾ ശ്രദ്ധേയമായിരുന്നു. സിനിമയുടെ ഷൂട്ടിന് ഒരു മാസം മുൻപ് തന്നെ പൂർണമായും മാംസാഹാരം ഉപേക്ഷിക്കുകയും വ്രതമെടുക്കുകയും ചെയ്തിരുന്നു. ചെരുപ്പിടാതെയാണ് ചിത്രീകരണം അവസാനിക്കും വരെയും താരം നടന്നത്. അതേസമയം, 'കാന്താര ചാപ്റ്റർ 1'ന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായി. ഇനി ബാംഗ്ലൂളിരിൽ സിനിമയുടെ ഒരു ചെറിയ ഭാഗവും കൂടി ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്ന് താരം പറഞ്ഞു.