മുംബൈ: നടിയും ലോക്‌സഭാ എംപിയുമായ കങ്കണ റനൗട്ട് സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയുടെ റിലീസ് നീളും. സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിനോട് നിർദേശിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ബുധനാഴ്ച വ്യക്തമാക്കി. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങളും പരാതികളും സെപ്റ്റംബർ 18ന് മുമ്പ് തീർപ്പാക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്സി) കോടതി ഉത്തരവിട്ടു. സിനിമയുടെ സഹ നിർമാതാക്കളായ സീ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജിയിലാണ് രണ്ടംഗ ബെഞ്ചിന്റെ വിധി.
ജബൽപുർ സിഖ് സങ്കടിന്റെ പരാതിയിൽ മധ്യപ്രദേശ് ഹൈക്കോടതി സെൻസർ ബോർഡിനോട് തീരുമാനമെടുക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ ചിത്രത്തിന് അടിയന്തരമായി സർട്ടിഫിക്കറ്റ് നൽകാൻ ബോർഡിനോട് ആവശ്യപ്പെടാനാവില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. ഇതോടെ ചിത്രത്തിന്റെ റിലീസ് 6ന് നടക്കില്ലെന്ന് ഉറപ്പായി.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ കങ്കണയാണ് ഇന്ദിരയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സഹനിർമാണവും കങ്കണയാണ്. സെപ്റ്റംബർ 6ന് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചതിനു പിന്നാലെ സിഖ് വിഭാഗക്കാർ പരാതിയുന്നയിച്ചതിനെ തുടർന്നാണ് പ്രദർശനം അനിശ്ചിതത്വത്തിലായത്. സിനിമയിൽ സിഖ് മതത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രസത്യങ്ങൾ വളച്ചൊടിക്കുന്നുവെന്നും ആരോപിച്ച് ജബൽപുർ സിഖ് സങ്കട് ഉൾപ്പെടെയുള്ള സിഖ് സംഘടനകൾ രംഗത്തെത്തിയിരുന്നു.