കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറി കനി കുസൃതിയും ദിവ്യ പ്രഭയും. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന സിനിമ കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കനി കുസൃതിയും ദിവ്യ പ്രഭയും വേദിയിലെത്തിയത്.
മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സ്ഥാനം പിടിച്ചു. കാനിൽ മികച്ച നിരൂപക പ്രശംസയും ചിത്രം നേടുകയുണ്ടായി. സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റു നിന്ന് എട്ട് മിനിറ്റോളം കയ്യടിച്ച് അണിയറക്കാരെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഗ്രാൻഡ് ലൂമിയർ തിയറ്ററിലായിരുന്നു പ്രിമിയർ സംഘടിപ്പിച്ചത്.
Payal Kapadia junto a sus protagonistas Divya Prabha y Kani Kusruti en la presentación de ALL WE IMAGINE AS LIGHT, primera película india que compite por la Palma de Oro en 30 años. pic.twitter.com/BZrgoMzy2u
— La Estatuilla (@laestatuilla) May 23, 2024
തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം ഈ സിനിമയിലെ അഭിനേതാക്കളാണെന്ന് പായൽ കപാഡിയ പറഞ്ഞു. ഇതിലെ ഓരോരുത്തരും കുടുംബം പോലെയാണെന്നും ആ സ്നേഹമാണ് ചിത്രത്തിന്റെ വിജയമെന്നും സംവിധായിക പറഞ്ഞു. ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ധു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവരും റെഡ് കാർപ്പറ്റിൽ ചുവടുവച്ചു.
ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. മത്സരവിഭാഗത്തിൽ ചിത്രം വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മാധ്യമ പ്രവർത്തകരും നിരൂപകരും ട്വീറ്റ് ചെയ്തു.‘‘കാൻ വേദിയിലെ മലയാളി പെൺ കുട്ടികൾ. പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ.’’–കാൻ വേദിയിലെ കനിയുടെയും ദിവ്യ പ്രഭയുടെയും ചിത്രം പങ്കുവച്ച് ശീതൾ ശ്യാം കുറിച്ചു.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം പറയുന്നത്. കാൻ മത്സരത്തിൽ സിനിമ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ സംവിധായികയാണ് കപാഡിയ. അതേസമയം തന്നെ, മൂന്ന് പതിറ്റാണ്ടിനിടെ മത്സരരംഗത്തെത്തുന്ന ആദ്യ ഇന്ത്യൻ പ്രൊഡക്‌ഷൻ കൂടിയാണിത്.