ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിച്ചു; നിയമക്കുരുക്കിൽ കങ്കണ ചിത്രം 'എമർജൻസി'

സിനിമയിൽ ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം.

author-image
Greeshma Rakesh
New Update
kangana ranaut in legal trouble for misrepresenting sikhs in movie emergency

kangana ranaut in legal trouble for misrepresenting sikhs in emergency

Listen to this article
00:00 / 00:00

ബോളിവുഡ് നടിയും ലോക്സഭ ബിജെപി എംപിയുമായ കങ്കണ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ‘എമർജൻസി’.പ്രഖ്യാപണം മുതൽ തന്നെ ഒട്ടേറെ ജനശ്രദ്ധ ആകർഷിച്ച ചിത്രം കൂടിയാണിത്.കങ്കണ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിട്ടാണ് ചിത്രത്തിൽ കങ്കണ വേഷമിട്ടിരിക്കുന്നത്.ഇപ്പോഴിതാ റിലീസിന് തയ്യാറെടുക്കുന്നതിനിടെ ചിത്രത്തിന് നിയമക്കുരുക്ക് വന്നിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സിനിമയിൽ ചരിത്രസംഭവങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അതുവഴി സിഖ് സമുദായത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം.ഇക്കാര്യം ചൂണ്ടിക്കാട്ടി ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) ഹർജി നൽകി. പതിമൂന്ന് ദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ട എമർജൻസിയുടെ ട്രെയിലറാണ് ഇതിന് കാരണം. സിനിമയിലെ ചില രം​ഗങ്ങൾ നീക്കം ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടതായി ഒടിടി പ്ലെ റിപ്പോർട്ട് ചെയ്യുന്നു.

തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിനാൽ ട്രെയിലറിലെ രം​ഗങ്ങൾ നീക്കം ചെയ്യണമെന്ന് അവകാശപ്പെട്ട് റനൗത്തിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രം സിഖ് സമുദായത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഹർജിക്കാർ പറയുന്നു. നേരത്തെ പഞ്ചാബിലെ മുൻ ഭരണകക്ഷിയായ ശിരോമണി അകാലിദൾ (എസ്എഡി) ചിത്രത്തിൻ്റെ റിലീസിനെ എതിർക്കുകയും ഇക്കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

1975-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ട്രെയിലർ ഓഗസ്റ്റ് 14 ന് പുറത്തിറങ്ങിയിരുന്നു. ചിത്രം സെപ്റ്റംബർ 6ന് തിയറ്ററുകളിൽ എത്തിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എഴുത്തുകാരിയായും നിർമ്മാതാവായും കങ്കണ എത്തുന്ന പ്രൊജക്റ്റ് കൂടിയാണ് ‘എമർജൻസി’. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, ശ്രേയസ് തൽപാഡെ, വിശാഖ് നായർ, അന്തരിച്ച സതീഷ് കൗശിക് തുടങ്ങിയ പ്രമുഖ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുന്നു. സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, സഞ്ചിത് ബൽഹാരയുടെതാണ് സംഗീതം.

 

kangana ranaut emergency movie