പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം കല്‍ക്കി 2898 എഡി വന്‍ വിജയത്തിലേക്ക്. മൂന്നാം ദിനം 415 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍.
ആദ്യ ദിനത്തില്‍ തന്നെ 100 കോടിക്ക് മുകളില്‍ ചിത്രം കളക്ഷന്‍ നേടിയിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ലേറ്റ് നൈറ്റ് ഷോകള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം ഇപ്പോള്‍ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്‌മാണ്ഡ ചിത്രം വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും ഗംഭീര സൗണ്ട് ട്രാക്കും കിടിലന്‍ ആക്ഷന്‍ രംഗങ്ങളും ഒരുക്കിയ ചിത്രം 2024 ജൂണ്‍ 27 നാണ് തിയേറ്ററുകളില്‍ എത്തിയത്.
ഇന്ത്യന്‍ മിത്തോളജിയില്‍ വേരൂന്നി പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയന്‍സ് ഫിക്ഷനാണ് 'കല്‍ക്കി 2898 എഡി'. 'കാശി, 'കോംപ്ലക്‌സ്', 'ശംഭാള' എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍3101ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ മുതല്‍ എഡി 2898 സഹസ്രാബ്ദങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിക്കുന്നത്.
മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍, ദിഷാ പടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ 'ഭൈരവ'യായി പ്രഭാസും 'ക്യാപ്റ്റന്‍'ആയി ദുല്‍ഖറും എത്തുന്നു.
നായിക കഥാപാത്രമായ 'സുമതി'യെ ദീപിക പദുക്കോണും 'അശ്വത്ഥാമാവ്' എന്ന കഥാപാത്രത്തെ അമിതാഭ് ബച്ചനും 'യാസ്‌കിന്‍' എന്ന കഥാപാത്രത്തെ കമല്‍ ഹാസനും 'റോക്‌സി'യെ ദിഷാ പടാനിയും അവതരിപ്പിച്ചു. പിആര്‍ഒ: ശബരി.