വയനാട്ടിലെ ദുരന്തത്തെ പരാമർശിച്ച് ഫിലിം ഫെയർ വേദിയിൽ സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുമ്പോഴായിരുന്നു ജൂഡിന്റെ വയനാട് പരാമർശം. ജൂഡ് സംവിധാനം ചെയ്ത 2018–എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രത്തിനാണ് മികച്ച മലയാള സിനിമയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചത്.
പുരസ്കാരം കേരളത്തിന് സമർപ്പിച്ചുകൊണ്ട് ജൂഡ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് . 2018 കേരളത്തിൽ ഉണ്ടായ പ്രളയത്തെക്കുറിച്ച് പറയുന്ന സിനിമയാണ്. വീണ്ടുമൊരു പ്രകൃതിദുരന്തത്തെ കേരളം നേരിടുന്ന വേളയിലാണ് ഈ പുരസ്കാര പ്രഖ്യാപനം ഉണ്ടാകുന്നതെന്ന് ജൂഡ് പറഞ്ഞു.
" ഹൈദരാബാദിൽ വച്ച് ഈ പുരസ്കാരം നേടിയതിലും വലിയ സന്തോഷമുണ്ട്. കാരണം എന്റെ സിനിമ 2018ന്റെ പല ഭാഗങ്ങളും ഹൈദരാബാദിൽ വച്ചാണ് ഷൂട്ട് ചെയ്തത്. ഈ സിനിമ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെട്ടതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം 2018, എവരിവൺ ഈസ് എ ഹീറോ എന്ന ഈ സിനിമ കേരളത്തിൽ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന്."
"ഞാനും ആ സിനിമയിൽ അഭിനയിച്ച പല താരങ്ങളും 2018ലെ ആ പ്രളയത്തെ അതിജീവിച്ചവരാണ്. അതിനാൽ തന്നെ ഈ ഒരു വിഷയത്തെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു സിനിമ ചെയ്യണമെന്നും പ്രേക്ഷകരിലേക്ക് പ്രചോദനാത്മകമായ സന്ദേശം എത്തിക്കണമെന്നും ഞങ്ങൾ അതിയായി ആഗ്രഹിച്ചു. ദൗർഭാഗ്യവശാൽ, വീണ്ടും അത്തരമൊരു ദുരന്തത്തെ നേരിടുകയാണ് കേരളം. വയനാട്ടിൽ സംഭവിച്ച പ്രകൃതിദുരന്തത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞുകാണുമെന്ന് കരുതുന്നു.
"അതിനാൽ എനിക്ക് ഒരു അപേക്ഷ മാത്രമേ ഉള്ളൂ വയനാട്ടിലെ ജനങ്ങളെ സഹായിക്കുക, അവരെ പിന്തുണയ്ക്കുക. പണം മാത്രമല്ല പ്രധാനം. ഈ പുരസ്കാരം ഞാനെന്റെ നാടിന് സമർപ്പിക്കുന്നു," ജൂഡ് പറഞ്ഞു.