താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മോഹൻലാൽ രാജിവച്ചതിന് ശരിയായില്ലെന്ന് നടി ശാന്തി പ്രിയ. ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവർക്കൊപ്പം നിൽക്കുകയാണ് മോഹൻലാൽ ചെയ്യേണ്ടിയിരുന്നതെന്ന് നടി പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. അതിൽ കാര്യമില്ല. അദ്ദേഹം ഇരകളെ പിന്തുണയ്ക്കുകയും അവരെ വഴികാട്ടുകയും അവർക്കൊപ്പം നിൽക്കുകയുമാണ് ചെയ്യേണ്ടിയിരുന്നത്. ഞങ്ങൾ ഇവിടെയുണ്ട്, ഞങ്ങളെ വിശ്വസിക്കാം. ദയവായി അതിക്രമങ്ങൾക്കെതിരെ നിങ്ങൾ ശബ്ദം ഉയർത്തൂ. ഞങ്ങളോട് വന്ന് സംസാരിക്കൂ.- എന്നായിരുന്നു പറയേണ്ടിയിരുന്നത്. ഇങ്ങനെയായിരുന്നു അദ്ദേഹം ഇടപെടേണ്ടിയിരുന്നത്. ഇരകൾക്കും പുതുതലമുറയ്ക്കും നെടുതൂണാവുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടത്.- ശാന്തി പ്രിയ പറഞ്ഞു.
സ്ത്രീകൾക്ക് എതിരായ അതിക്രമണങ്ങൾ മലയാളത്തിലും ബോളിവുഡിലും മാത്രം നടക്കുന്ന കാര്യമല്ല എന്നാണ് ശാന്തി പ്രിയ പറയുന്നത്. ഞാൻ പാൻ ഇന്ത്യൻ നടിയാണ്. ഇത് എല്ലാ ഇൻഡസ്ട്രിയിലും നടക്കുന്നുണ്ട്. രണ്ട് വർഷത്തിനു ശേഷം തെലുങ്ക് സിനിമയിലെ ആരെങ്കിലും ഇതുപോലെ രംഗത്തെത്തും. ഇത് അവസാനിക്കണമെങ്കിൽ ഇതിനെതിരെ എല്ലാവരും രംഗത്തെത്തണം. ഇ്പപോൾ ശക്തമായി പ്രതികരിച്ചാൽ ഭാവിതലമുറയ്ക്ക് ഭയപ്പെടേണ്ടിവരില്ലെന്നും ശാന്തി പ്രിയ കൂട്ടിച്ചേർത്തു. നടി ഭാനു പ്രിയയുടെ സഹോദരിയായതിനാൽ തനിക്ക് ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകേണ്ടിവന്നിട്ടില്ല എന്നാണ് നടി പറയുന്നത്. തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നിന്നിരുന്ന നടിയാണ് ശാന്തി പ്രിയ.