ഭര്‍ത്താവ്, ബോയ് ഫ്രണ്ട്, മകള്‍, പ്രണയം... നേഹ സക്‌സേന മനസ്സുതുറക്കുന്നു

പഞ്ചാബില്‍ നിന്നെത്തി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന നടിയാണ് നേഹ സക്സേന. ലോകശ്രദ്ധയാകര്‍ഷിച്ച പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് നേഹ. കസബ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്കു കടന്നുവന്നത്. ഇപ്പോഴിതാ നാദിര്‍ഷാ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയും റിലീസായിരിക്കുകയാണ്. എഡിജിപി റാണി പട്ടേല്‍ എന്ന ശക്തമായ പൊലീസ് ഓഫീസറുടെ വേഷമാണ് നേഹ ചെയ്തിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തെ കുറിച്ച് നേഹ പറയുന്നു.

author-image
Web Desk
Updated On
New Update
Neha saxena
Listen to this article
0.75x 1x 1.5x
00:00 / 00:00

ബി.വി. അരുണ്‍ കുമാര്‍



പഞ്ചാബില്‍ നിന്നെത്തി ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങുന്ന നടിയാണ് നേഹ സക്സേന. ലോകശ്രദ്ധയാകര്‍ഷിച്ച പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയിലും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് നേഹ. കസബ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്കു കടന്നുവന്നത്. ഇപ്പോഴിതാ നാദിര്‍ഷാ സംവിധാനം ചെയ്ത വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി എന്ന സിനിമയും റിലീസായിരിക്കുകയാണ്. എഡിജിപി റാണി പട്ടേല്‍ എന്ന ശക്തമായ പൊലീസ് ഓഫീസറുടെ വേഷമാണ് നേഹ ചെയ്തിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തെ കുറിച്ച് നേഹ പറയുന്നു.

പുതിയ വിശേഷം?

വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ കൊച്ചി റിലീസ് ആയിരിക്കുകയാണ്. ക്രൈം ത്രില്ലറാണ്. അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപിയായാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. റാണി പട്ടേല്‍ എന്നാണ്  കഥാപാത്രത്തിന്റെ പേര്. 

എങ്ങനെയാണ് ഇതിലെത്തിയത്?

ഈ സിനിമയ്ക്കായി എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ഡെറാഡൂണിലായിരുന്നു. എന്റെ കൈയില്‍ പരിക്കേറ്റു കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയായിരുന്നു. ദയാഭാരതി എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് പരിക്കേറ്റത്. വലതുകൈയ്ക്കായിരുന്നു പരിക്ക് ഈ സമയത്ത് എനിക്ക് രണ്ടു സിനിമയിലേക്കാണ് കോള്‍ വന്നത്. ഒന്ന് ലാലേട്ടന്റെ വൃഷഭയും മറ്റേത് നാദിര്‍ഷായുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചിയും. കൈയിലെ പരിക്ക് വലിയൊരു ആശങ്കയുണ്ടായിരുന്നു. എന്നാല്‍ എനിക്ക് സിനിമയാണ് വലുത്. അതിനാല്‍ കൈയിലെ പരിക്ക് വകവച്ചില്ല. നേരെ ആശുപത്രിയില്‍ പോയി കൈയിലെ പ്ലാസ്റ്റര്‍ മാറ്റണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതു കേട്ടപ്പോല്‍ ഡോക്ടര്‍ തന്നെ ഞെട്ടിപ്പോയി. അയ്യോ അത് ചെയ്യാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പോകണമെന്നും അതിനാല്‍ പ്ലാസ്റ്റര്‍ ഇളക്കിയേ പറ്റൂ എന്നും വാശി പിടിച്ചു. ഒടുവില്‍ ഡോക്ടര്‍ എന്റെ ആവശ്യം അംഗീകരിച്ച് പ്ലാസ്റ്റര്‍ ഇളക്കി. അങ്ങനെ രണ്ടു പടത്തിലേക്കുമുള്ള അവസരം എനിക്കു ലഭിച്ചു.

ലാലേട്ടനാണ് വൃഷഭയിലെ ഹീറോ. കൈയില്‍ വന്ന രണ്ടു പടവും പോകാന്‍ പാടില്ല. അതുകൊണ്ടാണ് പ്ലാസ്റ്റര്‍ ഇളക്കണമെന്ന് ആവശ്യപ്പെട്ടത്. വേദനയെല്ലാം ഉണ്ടായിരുന്നു. നാദിര്‍ഷാ ഇക്ക എന്നെ വിളിക്കുമ്പോള്‍ എന്റെ അവസ്ഥ ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും കുഴപ്പമില്ല, വന്ന് കഥ കേള്‍ക്കാന്‍ നാദിര്‍ഷാ പറഞ്ഞു. അങ്ങനെ ഞാന്‍ വന്നു. എല്ലാവരെയും മീറ്റ് ചെയ്തു. കഥ കേട്ടു. കാരക്റ്റര്‍ നന്നായി ഇഷ്ടപ്പെട്ടു. അങ്ങനെ ഇത് ചെയ്തു.

എഡിജിപി റാണി പട്ടേലിനെ കുറിച്ച് പറയാമോ?

ഈ സിനിമയില്‍ മുഴുനീള കഥാപാത്രമാണിത്. ഒരു ക്രൈം അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥ. ഈ കഥാപാത്രത്തിനു വേണ്ടി പ്രത്യേകിച്ച് ഹോംവര്‍ക്കൊന്നും വേണ്ടിവന്നില്ല. കാരണം ഞാന്‍ നേരത്തെയും പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഐപിഎസ് ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍ തുടങ്ങിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വീണ്ടും മലയാളത്തില്‍ നല്ലൊരു വേഷമാണ് ഇതെന്ന് എനിക്ക് തോന്നി.

നല്ലൊരു സ്ട്രോംഗ് കാരക്റ്റര്‍ കൂടിയാണിത്. ഈ കാരക്റ്ററിന് ഡബ്ബിംഗ് ചെയ്യാനുള്ള അവസരവും കിട്ടി. എന്നാല്‍ ചില കടുകട്ടിയായ വാക്കുകള്‍ എന്റെ സ്ലാംഗിന് പറ്റില്ലെന്നു മനസിലാക്കി അതു മാറ്റി. പക്ഷേ നാദിര്‍ഷാ ഇക്കയ്ക്ക് എന്നില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. നീ ചെയ്താല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ ട്രൈ ചെയ്തെങ്കിലും സാധിച്ചില്ല. ഒടുവില്‍ വേറെ ഡബ്ബ് ചെയ്യേണ്ടി വന്നു. ഞാന്‍ ഇതുവരെ ഡബ്ബ് ചെയ്തിട്ടില്ല. നല്ലൊരു അവസരമായിരുന്നു കിട്ടിയത്. പക്ഷേ എനിക്കു സാധിച്ചില്ല. ഉച്ചാരണം കുറച്ചു ശരിയാക്കാനുണ്ട്. ഓരോ അവസരം വരുമ്പോള്‍ നമ്മള്‍ ആദ്യത്തേതില്‍ നിന്നും മെച്ചപ്പെടുത്താറില്ലേ. അതുപോലെ ഞാന്‍ ഡബ്ബിംഗിനും മെച്ചപ്പെട്ടു വരും. അധികം വൈകാതെ എന്റെ ശബ്ദത്തില്‍ തന്നെ എന്റെ കാരക്റ്റര്‍ സംസാരിക്കുമെന്നു വിശ്വസിക്കുന്നു.

neha

 

നാദിര്‍ഷ-റാഫി കൂട്ടുകെട്ട് എങ്ങനെയാണ്?

വലിയ രസമായിരുന്നു ആ സെറ്റ്. അവരോടൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ആര്‍ട്ടിസ്റ്റെന്ന നിലയില്‍ ഞങ്ങളെല്ലാം സെയ്ഫാണ്. ഒരു നെഗറ്റീവും നമുക്കുണ്ടാകില്ല. അതാണ് ഈ പ്രോജക്റ്റ് സ്വീകരിക്കാന്‍ കാരണം. റാഫി ഇക്ക സൈലന്റായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് ഇതിലേക്ക് അവസരം വന്നപ്പോള്‍ ആദ്യമേ ഓക്കെ പറയാന്‍ കാരണവും ഈ കോമ്പോ ആയിരുന്നു. 

നേഹ പൊലീസ് വേഷങ്ങളില്‍ ഒതുങ്ങുകയാണോ?

അങ്ങനെ എനിക്ക് തോന്നിയിട്ടില്ല. സിറ്റുവേഷന്‍ അനുസരിച്ചാണ് ഞാന്‍ കാരക്റ്റര്‍ ചെയ്യുന്നത്. നമ്മുടെ സിനിമാ മേഖല തന്നെ മാറിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ പോലും മാറിയിട്ടുണ്ട്. ഇപ്പോള്‍ സ്‌ക്രിപ്റ്റാണ് മെയിന്‍ ആര്‍ട്ടിസ്റ്റ്. സ്‌ക്രിപ്റ്റ് എന്താണോ ഡിമാന്‍ഡ് ചെയ്യുന്നോ അത് നമ്മള്‍ കൊടുക്കണം. ബോളിവുഡ് ആര്‍ട്ടിസ്റ്റുകള്‍ പോലും ഇപ്പോള്‍ മലയാളം സിനിമ കാണുന്നുണ്ട്. എനിക്കു കിട്ടുന്ന വേഷങ്ങള്‍ ടൈപ്പ് കാസ്റ്റിംഗായി തോന്നിയിട്ടില്ല. ഞാനൊരു ആര്‍ട്ടിസ്റ്റാണ്. എനിക്ക് ഏതുതരം കാരക്റ്റര്‍ ചെയ്യാന്‍ സാധിക്കുമോ അത് ചെയ്യുന്നു എന്നേയുള്ളു. ഓരോന്നും മനോഹരമായി, വെറൈറ്റിയായി ചെയ്യാന്‍ സാധിക്കണം. അതാണ് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് പ്രധാനം. സംവിധായകനാണ് നമുക്കൊരു ഫോം തരുന്നത്. അതിനെ ആവിഷ്‌കരിക്കേണ്ടത് നമ്മുടെ കടമയാണ്. ഞാന്‍ ഡോക്ടറുടെ റോള്‍ ചെയ്തിട്ടുണ്ട്, കസബ, ആറാട്ട് തുടങ്ങിയവയില്‍ വെറൈറ്റി കാരക്റ്ററുകള്‍ ചെയ്തിട്ടുണ്ട്. 

നാദിര്‍ഷായുടെ സപ്പോര്‍ട്ട്?

നല്ല സപ്പോര്‍ട്ടായിരുന്നു അദ്ദേഹം. എന്നില്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ എഡിജിപി വേഷം എന്നെ ഏല്‍പ്പിച്ചത്. ഞാന്‍ നൂറുശതമാനം ആത്മവിശ്വാസത്തോടെയാകും ഒരു സെറ്റില്‍ എത്തുക. പക്ഷേ ഒരു സംവിധായകന്റെ മുന്നിലെത്തുമ്പോള്‍ ചെറിയൊരു ടെന്‍ഷനുണ്ടാകും. കാരണം നമ്മുടെ കാരക്റ്റര്‍ എന്താകും എന്നുള്ള ടെന്‍ഷന്‍. പക്ഷേ അദ്ദേഹത്തില്‍ നിന്നും കിട്ടുന്ന സപ്പോര്‍ട്ട് കാണുമ്പോള്‍ ആ ടെന്‍ഷനൊക്കെ പമ്പകടക്കും. നാദിര്‍ഷാ ഇക്കയെ സംബന്ധിച്ച് ഞാനൊരു സംവിധായകനാണെന്ന ജാഡയില്ലാത്ത ആളാണ്. അദ്ദേഹം ഒരു സുഹൃത്തിനെ പോലെയാണ് ഇടപെടുന്നത്. എഡിജിപി വേഷം ചെയ്യുമ്പോള്‍ എനിക്ക് ടെന്‍ഷനുണ്ടായിരുന്നു. കഥാപാത്രത്തെ കുറിച്ചുള്ള ടെന്‍ഷന്‍. പക്ഷേ നീ പേടിക്കേണ്ട, നന്നായി ചെയ്യാന്‍ സാധിക്കുമെന്ന് ധൈര്യം തന്നത് നാദിര്‍ഷാ ആയിരുന്നു. 

വൃഷഭയിലെ വിശേഷങ്ങള്‍ പറയാമോ?

രണ്ടാമത്തെ ഷെഡ്യൂള്‍ ജൂണ്‍ അവസാനം തുടങ്ങും. യശോദ എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. ലാലേട്ടനാണ് ഹീറോ. അദ്ദേഹത്തിന്റെ കോമ്പിനേഷനായല്ല ഞാന്‍ എത്തുന്നത്. പക്ഷേ അദ്ദേഹവുമായി ഒന്നിച്ചുള്ള സീനുകളുണ്ട്. ബാഹുബലിയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയെ പോലൊരു വേഷമാണ് എന്റേത്. ബോളിവുഡ് താരങ്ങളാണ് കൂടുതലും. ഈ സിനിമയെ കുറിച്ച് ഇപ്പോള്‍ കൂടുതലൊന്നും പറയാന്‍ സാധിക്കില്ല.

മലയാളത്തില്‍ എത്ര സിനിമ ഇനി റിലീസിനായുണ്ട്?

ദയാഭാരതി, 48 അവേഴ്സ് എന്നിവയാണ് റിലീസിനായി തയാറായിരിക്കുന്നത്. ഇവ ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ റിലീസ് ചെയ്യും. 

അഭിനയത്തേക്കാള്‍ ഈസിയാണ് ഡബ്ബിംഗ് എന്ന് കരുതുന്നുണ്ടോ?

അയ്യോ, ഒരിക്കലുമില്ല. അഭിനയം ഒരുപക്ഷേ ഈസിയായിരിക്കും. പക്ഷേ ഡബ്ബിംഗ് അത്ര ഈസിയല്ലെന്ന് എനിക്ക് മനസിലായിട്ടുണ്ട്. വാക്കുകളുടെ ഉച്ഛാരണമാണ് പ്രധാനം. പിന്നെ വോയിസ് കണ്‍ട്രോള്‍ വേണം. നമ്മുടെ എക്സ്പ്രഷന് ശബ്ദം സിങ്കാകണം. എന്റെ കാരക്റ്ററുകള്‍ക്ക് ശബ്ദം നല്‍കുന്നവര്‍ക്ക് ബിഗ് സല്യൂട്ട്. 

നേഹയുടെ കാരക്റ്ററുകളില്‍ ഇഷ്ടപ്പെട്ട ശബ്ദം ഏതായിരുന്നു?

ലാലേട്ടന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലെ ജൂലിയുടെ കഥാപാത്രത്തിന് നല്‍കിയ ശബ്ദം എനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആരാണ് ശബ്ദം നല്‍കിയതെന്ന് അറിയില്ല. പലരും ആ കഥാപാത്രത്തിന്റെ ശബ്ദം നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ കസബയിലെ സൂസണിന്റെ ശബ്ദവും ഇഷ്ടമാണ്. 

പുതിയ പ്രോജക്റ്റുകള്‍?

ബോളിവുഡില്‍ ഒരു അവസരം വന്നിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രമാണ്. ആ കാരക്റ്ററിനെ കുറിച്ച് കൂടുതലൊന്നും ഇപ്പോള്‍ പറയാനാകില്ല.

അപ്പോള്‍ ഇനി മലയാളത്തിലേക്കില്ലേ?

അയ്യോ അങ്ങനെ പറയരുതേ. എന്റെ ജീവനാണ് മലയാള സിനിമ. എന്തു തിരക്കുണ്ടെങ്കിലും മലയാളത്തിലേക്ക് അവസരം ലഭിച്ചാല്‍ ഞാന്‍ ഓടിയെത്തും. 

കേരളത്തിലെ ഇഷ്ടപ്പെട്ട ഭക്ഷണം?

പുട്ടും കടലയും എനിക്ക് ഇഷ്ടമാണ്. കേരള സ്‌റ്റൈല്‍ മീന്‍കറിയും ഇഷ്ടമാണ്. കൂടുതലും വെജിറ്റേറിയനാണ് എനിക്കിഷ്ടം.  

ഈശ്വര വിശ്വാസിയാണോ?

ഞാനൊരു ഈശ്വര വിശ്വാസിയാണ്. ഷൂട്ടിംഗിനായി ലൊക്കേഷനുകളില്‍ പോകുമ്പോള്‍ അടുത്ത് അമ്പലമുണ്ടെങ്കില്‍ ഞാന്‍ പോയി തൊഴാറുണ്ട്. ചോറ്റാനിക്കര ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, വടക്കുംനാഥ ക്ഷേത്രം തുടങ്ങിയ ഇടങ്ങളില്‍ പോയിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല ഇടണമെന്ന് ആഗ്രഹമുണ്ട്. ഇത്തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത തവണ പൊങ്കാല ഇടണമെന്നാണ് എന്റെ ആഗ്രഹം. 

മലയാളത്തില്‍ ഇഷ്ടപ്പെട്ട നടന്‍?

മമ്മൂക്കയെയും ലാലേട്ടനെയും എനിക്ക് ഇഷ്ടമാണ്. രണ്ടുപേരും വേറെ ലെവലാണ്.

എന്താണ് ആ ലെവല്‍?

മമ്മൂക്ക എളുപ്പം ദേഷ്യപ്പെടുന്ന ആളാണ്, ചൂടാകും എന്നൊക്കെയാണ് പുറത്തൊക്കെയുള്ള സംസാരം. പക്ഷേ അദ്ദേഹം അങ്ങനെയൊന്നുമല്ല. കൂടെ അഭിനയിക്കുമ്പോള്‍ അടുത്തറിയാന്‍ സാധിക്കും. മമ്മൂക്കയോടൊപ്പം ഞാന്‍ കസബയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കൂടുതലായൊന്നും അദ്ദേഹം സംസാരിക്കില്ല. പക്ഷേ എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ മുഖത്ത് ഒരു മനോഹരമായ ചിരിയുണ്ടാകും. സംസാരത്തില്‍ ബഹുമാനമുണ്ടാകും. ഞാന്‍ കസബയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ നല്ല പേടിയുണ്ടായിരുന്നു. ഭാഷ പ്രശ്നമാകുമോ എന്നായിരുന്നു പേടി. മാത്രമല്ല മമ്മൂക്ക ഒരു സിംഹമാണെന്നൊക്കെയാണ് ഞാന്‍ കേട്ടിരുന്നത്. പക്ഷേ സെറ്റില്‍ എത്തിയപ്പോല്‍ അദ്ദേഹം കൂളായിരുന്നു. ഒരു ഐസ്‌ക്രീം പോലെയാണ് എനിക്കു തോന്നിയിട്ടുള്ളത്. എന്തിനെ കുറിച്ചും കൃത്യമായ അറിവുള്ള ആളാണ് മമ്മൂക്ക. കൂടെ അഭിനയിക്കുന്ന ആള്‍ക്കാര്‍ക്കൊക്കെ വലിയ സപ്പോര്‍ട്ടാണ് അദ്ദേഹം. 

പക്ഷേ ലാലേട്ടന്‍ അങ്ങനെയല്ല. കൊച്ചുകുട്ടിയെപ്പോലെയാണ് അദ്ദേഹം. ലൊക്കേഷനിലെ എല്ലാവരുമായും എപ്പോഴും സംസാരിക്കും. തമാശ പറയും, കളിയാക്കും. അതൊക്കെ നല്ല രസമാണ്. ലാലേട്ടന്‍ ഈസ് വെരി ഔട്ട് സ്പോക്കണ്‍, മമ്മൂക്ക ഈസ് വെരി നൈസ് സ്പോക്കണ്‍ എന്നാണ് എനിക്കു മനസിലായിട്ടുള്ളത്. 

നേഹയ്ക്ക് പ്രണയമുണ്ടോ?

എനിക്ക് പ്രണയമേ ഇല്ല. ക്യാമറ എന്റെ  ബോയ് ഫ്രണ്ട്, സിനിമ എന്റെ ഭര്‍ത്താവ്, അമ്മ എന്റെ മകള്‍ ഇതാണ് ഞാന്‍. ക്യാമറ മാത്രമാണ് ബോയ് ഫ്രണ്ട്, ക്യാമറാ മാനല്ല (ചിരിക്കുന്നു...) പ്രണയിക്കാന്‍ എനിക്ക് സമയമില്ല. അതിലേക്കു ഞാന്‍ വീണുപോയാല്‍ പ്രണയം മാത്രമാകും എന്റെ ഫോക്കസ്. പിന്നെ സിനിമ ഉണ്ടാകില്ല. ഇപ്പോള്‍ എനിക്ക് സിനിമ മാത്രമാണ് ലക്ഷ്യം. അത് എന്റെ അമ്മയ്ക്കും അറിയാം. ഞാന്‍ സിനിമയിലൊന്ന് സെറ്റിലായാല്‍ മാത്രം വിവാഹം. അതുവരെ നോ ലൗ, നോ മേര്യേജ്. എന്റെ ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. അമ്മയാണ് എന്നെ വളര്‍ത്തിയത്. ഞാനും അമ്മയും മാത്രമുള്ള ലോകമാണ് എനിക്കുള്ളത്. എന്നെ കഷ്ടപ്പെട്ടു വളര്‍ത്തിയ അമ്മയെ വിഷമിപ്പിക്കാന്‍ പറ്റില്ല. അവരുടെ സന്തോഷമാണ് എന്റെയും സന്തോഷം.

 

 

interview movie neha saxen