ഡബ്ല്യൂസിസിയുടെ പോസ്റ്റ് പങ്കുവച്ച് നടി മഞ്ജു വാര്യർ. ഹേമ കമ്മീഷൻ റിപ്പോർട്ടിനു പിന്നാലെ ഡബ്ല്യൂസിസി സ്ഥാപക അംഗത്തിനെതിരായ സൈബർ ആക്രമണത്തിനെതിരെ പോസ്റ്റ് ചെയ്ത പ്രസ്താവനക്കുറിപ്പാണ് താരം പങ്കുവച്ചത്. ‘അനിവാര്യമായ വിശദീകരണം’ എന്നാണ് മഞ്ജു കുറിച്ചത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡബ്ല്യൂസിസിയിലെ ഒരംഗം സിനിമയിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. അത് മഞ്ജു വാര്യർ ആണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഡബ്ല്യൂസിസി രംഗത്തെത്തിയത്. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ട് എന്നാണ് കുറിപ്പിൽ പറയുന്നത്. സ്ത്രീകൾക്കെതിരെ സ്ത്രീകളെ തന്നെ പ്രതിഷ്ഠിക്കുന്ന തരത്തിലും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ ഓട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ ഇതിന്റെ പേരിൽ പുറത്തു വരുന്നതിൽ ഡബ്ല്യുസിസി ആശങ്ക പങ്കിട്ടു.
അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ 'ഇപ്പോഴത്തേയും' സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബർ അറ്റാക്കുകൾക്കെതിരെ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് WCC കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.- ഡബ്ല്യൂസിസി കുറിച്ചു.