പകർപ്പവകാശ ഹർജിയെ കുറിച്ചും തുടർന്നുണ്ടായ വിവാദങ്ങളോടും പ്രതികരിച്ച് സംഗീത സംവിധായകൻ ഇളയരാജ. ഇത്തരം വിവാദങ്ങൾക്കു ശ്രദ്ധ കൊടുക്കുന്ന ആളല്ല താനെന്നും തന്റെ പേര് ഇത്തരത്തിൽ ആഘോഷിക്കപ്പെടുന്ന സമയത്ത് പുതിയൊരു സിംഫണി ഒരുക്കുന്ന തിരക്കിലാണ് താനെന്നും ഇളയരാജ അറിയിച്ചു. ഔദ്യോഗിക പേജിൽ പങ്കുവച്ച വിഡിയോയിലാണ് ഇളയരാജ ഇതിനെ കുറിച്ച് പ്രതികരണം അറിയിച്ചത്.
പാട്ടുകളുടെ പകർപ്പാവകാശവുമായി ബന്ധപ്പെട്ട് ഇളയരാജ സമർപ്പിച്ച ഹർജി വലിയ ചർച്ചയായ സാഹചര്യത്തിലാണ് ഇളയരാജയുടെ മറുപടി.
"എന്നെപ്പറ്റി പല തരത്തിലുള്ള വിഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് എനിക്കു വേണ്ടപ്പെട്ടവർ പലരും പറഞ്ഞു. ഞാനവയൊന്നും ശ്രദ്ധിക്കുന്ന ആളല്ല. മറ്റുള്ളവർ പറയുന്നത് എന്തെന്ന് ശ്രദ്ധിക്കുന്നത് എന്റെ ജോലിയുമല്ല. എന്റെ ജോലിയിൽ ശ്രദ്ധിക്കുകയെന്നതാണ് എനിക്കു പ്രധാനം. ഞാനെന്റെ വഴിയിൽ കൃത്യമായി പോയിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ എന്റെ പേര് ഈ തരത്തിൽ ആഘോഷിക്കുന്ന സമയത്ത്, ഞാനൊരു സിംഫണിയുടെ തിരക്കിലായിരുന്നു. സിനിമയുടെ വർക്കുകൾ നടക്കുന്നതിനിടയിൽ തന്നെ 35 ദിവസങ്ങൾ കൊണ്ട് ഞാനൊരു സിംഫണി എഴുതി തീർത്തു. എനിക്കേറെ സന്തോഷകരമായ ഈ കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്. സിനിമാ സംഗീതമോ പശ്ചാത്തലസംഗീതമോ പ്രതിഫലിക്കുന്നുണ്ടെങ്കിൽ അതു നല്ലൊരു സിംഫണി അല്ലെന്നാണ് എന്റെ പക്ഷം. എന്നാൽ, ഇപ്പോൾ എഴുതി തീർത്ത സിംഫണി ശുദ്ധമായ ഒന്നാണ്. എന്റെ പ്രിയപ്പെട്ട ആരാധകർക്ക് ഈ സിംഫണി സമർപ്പിക്കുന്നു." എന്നായിരുന്നു ഇളയരാജയുടെ വാക്കുകൾ.
സ്വകാര്യ കമ്പനി വാങ്ങിയ പാട്ടുകളുടെ പകർപ്പവകാശത്തെക്കുറിച്ചുള്ള ഹർജിയിൽ താൻ എല്ലാവരേക്കാളും മുകളിലാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഇളയരാജ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇളയരാജ ഈണം നൽകിയ പാട്ടുകളിന്മേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്നാണ് കോടതി പറഞ്ഞത്. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്കും പാട്ടിൽ അവകാശമുണ്ടെന്നുമാണ് ജസ്റ്റിസ് ആർ.മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്.
ഇളയരാജ ചിട്ടപ്പെടുത്തിയ 4500 പാട്ടുകൾ വിവിധ സിനിമാ നിർമാതാക്കളിൽ നിന്നു എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരെയുണ്ടായ ഹർജിയിൽ, പാട്ടുകളുടെ പകർപ്പവകാശം ഇളയരാജയ്ക്കാണെന്ന് 2019–ൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ സമർപ്പിച്ചത്. സിനിമയിലെ പാട്ടുകൾക്കു സംഗീതം നൽകാൻ സംഗീതസംവിധായകനെ നിർമാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമാതാവിന് ലഭിക്കുമെന്ന് റെക്കോർഡിങ് കമ്പനി വാദിച്ചു.