ഏറെ നാളത്തെ കാത്തിരിപ്പിനൊടിലാണ് ഒരു തമിഴ് ചിത്രം തമിഴ്നാട്ടിൽ വൻ വിജയമാകുന്നത്.സുന്ദർ സി സംവിധാനം ചെയ്ത് നായകനായും അഭിനയിച്ച ഏറ്റവും പുതിയ ചിത്രം അരൺമനൈ 4 തിയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. ഭോല ശങ്കർ, ബാന്ദ്ര എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം തെന്നിന്ത്യൻ നായിക തമന്നയ്ക്ക് ഒരു തിരിച്ചുവരവ് നൽകിയ സിനിമ കൂടിയാണ് അരൺമനൈ 4.ഇപ്പോഴിതാ സിനിമയ്ക്കായി തമന്ന വാങ്ങിയ പ്രതിഫലത്തിന്റെ വാർത്തകളാണ് ശ്രദ്ധേയമാകുന്നത്.
അരൺമനൈയിലെ കഥാപാത്രത്തിനായി തമന്നയ്ക്ക് നാല് മുതൽ അഞ്ച് കോടി വരെ ലഭിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന. രണ്ട് മുതൽ അഞ്ച് കോടി വരെയാണ് നടി സിനിമകൾക്കായി വാങ്ങുന്ന പ്രതിഫലം.റിപ്പബ്ലിക് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ജയിലർ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി മൂന്ന് കോടിയായിരുന്നു നടിയുടെ പ്രതിഫലമായി വാങ്ങിയത്.
തമന്ന ഭാട്ടിയ ചിത്രത്തിലെ ഡാൻസ് നമ്പറുകൾക്ക് 60 ലക്ഷം രൂപയാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.മാത്രമല്ല ഐപിഎൽ 2018 ൻ്റെ ഉദ്ഘാടന ചടങ്ങിൽ പത്ത് മിനിറ്റ് പ്രകടനത്തിന് നടിക്ക് 50 ലക്ഷം രൂപ പ്രതിഫലം ലഭിച്ചതായി നിരവധി റിപ്പോർട്ടുകൾ പറയുന്നു.19 വർഷത്തെ കരിയറിൽ, തമന്ന ഭാട്ടിയയുടെ ആസ്തി 100 കോടി രൂപയിലധികമാണ്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് തമന്ന.
അതേസമയം അരൺമനൈ 4 ആഗോളതലത്തിൽ 35 കോടിക്ക് മുകളിൽ കലക്ഷൻ നേടിക്കഴിഞ്ഞു. സുന്ദർ സിയുടെ സ്ഥിരം ഫോർമാറ്റിൽ എത്തിയ ചിത്രത്തിൽ സംവിധായകനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. തമന്നയ്ക്ക് പുറമെ റാഷി ഖന്നയും സിനിമയിൽ ഒരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.
അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.