രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റർനെറ്റിൽ എത്തി. ട്രെയ്‌നിലിരുന്ന് സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകർ. വ്യാജ പതിപ്പ് പുറത്തിറക്കിയ വ്യക്തിയെ കണ്ടത്തണമെന്ന് ആവശ്യപ്പെട്ടാണ് സംവിധായകൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
”മെയ് 16ന് ലോകമെമ്പാടും റിലീസ് ആയ ഗുരുവായൂരമ്പലനടയിൽ ചിത്രത്തിന്റെ വീഡിയോ ആണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്ന ജയന്തി എക്‌സ്പ്രസ് ട്രെയ്‌നിൽ ഒരാൾ ഇരുന്ന് മൊത്തം സിനിമ കാണുന്നത്. ഒരു സുഹൃത്ത് എടുത്ത് ഈ വീഡിയോ എന്റെ കയ്യിൽ കിട്ടുമ്പോൾ അവൻ നമ്മുടെ കയ്യിൽ നിന്നും മിസ്സായി. ഇപ്പോൾ ഏകദേശം ആ ട്രെയിൻ കായംകുളം പാസ് ചെയ്തു കാണും. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് സിനിമ. അത് തിയേറ്ററിൽ എത്തിയിട്ട് മണിക്കൂറുകൾ മാത്രം. ഇത് ചെയ്തവനും ഇനി പ്രചരിപ്പിക്കുന്നവനും നിയമത്തിന്റെ മുമ്പിൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇതൊരു താക്കീതാണ്” എന്നാണ് വീഡിയോ പങ്കുവച്ച് സംവിധായകൻ കുറിച്ചത്.
അതേസമയം, തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുക്കുന്നത്. ഓപ്പണിംഗ് ദിനത്തിൽ 3.75 കോടി രൂപയാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്. പൃഥ്വിരാജിന്റെയും ബേസിലിന്റെയും പ്രകടനങ്ങൾക്ക് കൈയ്യടികളാണ് തിയേറ്ററിൽ നിന്നും ലഭിക്കുന്നത്. വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു എന്നിവരാണ് പ്രധാന കഥാപത്രങ്ങളായത്.