മലയാളത്തിൻറെ ബിഗ് സ്ക്രീനിൽ എത്തിയ ഡിസ്ടോപ്പിയൻ ഏലിയൻ ചിത്രമാണ് അരുൺ ചന്ദു സംവിധാനം ചെയ്ത ഗഗനചാരി.ഗോകുൽ സുരേഷ്,അനാർക്കലി മരിക്കാർ, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ജൂൺ 21 നാണ് കേരളത്തിലെ തിയറ്ററുകളിലെത്തിയത്.റിലീസിനു പിന്നാലെ മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ഇപ്പോഴിതാ പാൻ- ഇന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്.
പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ ജെമിനി ഫിലിം സർക്യൂട്ട് ആണ് ചിത്രം പാൻ- ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ജൂലൈ 5 ന് ചിത്രം ഇന്ത്യയിലെ എല്ലാ തിയറ്ററുകളിലും എത്തും. 'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്ത 'ഗഗനചാരി' നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്.
'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.
ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് അവിടെവച്ചും ലഭിച്ചത്.
ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ഏഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വെച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും 'ഗഗനചാരി' പ്രദർശിപ്പിച്ചിരുന്നു.