കാനിലെ പ്രധാന പുരസ്കാരങ്ങളിലൊന്നായ ഗ്രാൻഡ് പ്രീ നേടിയ സംവിധായിക പായൽ കപാഡിയയ്ക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് റസൂൽ പൂക്കുട്ടി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥി കൂടിയായ പായൽ കപാഡിയ നടൻ ഗജേന്ദ്ര ചൗഹാനെ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ചെയർമാൻ ആക്കിയതിൽ പ്രതിഷേധിച്ചുള്ള വിദ്യാർഥി സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. അന്നത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രശാന്ത് പാത്രബെ കൊടുത്ത പരാതിയിലാണ് പൊലീസ് പായൽ ഉൾപ്പെടെ 34 വിദ്യാർഥികൾക്കെതിരെ കേസ് എടുത്തത്. 2015 ൽ കൊടുത്ത കേസിൻറെ ഭാഗമായുള്ള നിയമ നടപടികൾ ഇപ്പോഴും തുടരുന്നുണ്ട്.
RT if you agree… @FTIIOfficial #WithdrawTheCases #CelebrateCinema #LongLiveFTII pic.twitter.com/fS8VLBbYIc
— resul pookutty (@resulp) May 27, 2024
"പായലിനും മറ്റ് വിദ്യാർഥികൾക്കുമെതിരായ കേസ് എഫ്ടിഐഐ ഇപ്പോൾ പിൻവലിക്കണം. ഇപ്പോൾ ലഭിക്കുന്ന കീർത്തിക്ക് സ്ഥാപനം അവരോട് കടപ്പെട്ടിരിക്കുന്നു". റസൂൽ പൂക്കുട്ടി തൻറെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ തൻറെ പോസ്റ്റ് പങ്കുവെക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. ഓസ്കർ അവാർഡ് നേടിയ സൗണ്ട് ഡിസൈനറായ റസൂൽ പൂക്കുട്ടിയും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പൂർവ്വ വിദ്യാർഥിയാണ്. തന്നെ ഖരോവോ ചെയ്തെന്നും ഓഫീസ് നശിപ്പിച്ചെന്നും ആരോപിച്ച് എഫ്ടിഐഐ മുൻ ഡയറക്ടർ പ്രശാന്ത് പാത്രബെയാണ് പായൽ കപാഡിയ ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കെതിരെ 2015 ൽ പൊലീസിൽ പരാതി നൽകിയത്.
പുരസ്കാര നേട്ടത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പായൽ കപാഡിയയ്ക്കും സംഘത്തിനും ആശംസകളുമായി എത്തിയിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനാണ് കാനിൽ പുരസ്കാരം ലഭിച്ചത്.