തനിക്ക് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോമാണെന്ന് വെളിപ്പെടുത്തി ഫഹദ് ഫാസിൽ. തന്റെ 41-ാം വയസിലാണ് ഇത് കണ്ടെത്തിയത്. അതുകൊണ്ട് മാറാനുള്ള സാധ്യതയില്ലെന്നാണ് ഫഹദ് പറയുന്നത്. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഫഹദ് സംസാരിച്ചത്.
”ഡയലോഗുകൾ സംസാരിക്കാൻ മാത്രമേ എനിക്ക് അറിയൂ. ഒരു വേദിയിൽ വന്ന് എന്താണ് പറയേണ്ടത് എന്ന പക്വതയോ ബോധമോ എനിക്ക് ഇല്ല എന്ന് ഭാര്യയും ഉമ്മയും ഇടക്കിടെ പറയാറുണ്ട്. അവർ അങ്ങനെ പറയുന്നത് കൊണ്ട് ബേസിക്‌സിൽ നിന്നും തുടങ്ങാം.”
”ഞാൻ ഇവിടെ വന്നപ്പോൾ സാബൻ ഉമ്മറുമായി സംസാരിക്കുക ആയിരുന്നു. എഡിഎച്ച്ഡി എന്ന രോഗാവസ്ഥയുണ്ട്. പല രീതിയിൽ ഉള്ള കണ്ടീഷൻസ് ആണ് നമ്മൾ ഡിസ്‌കസ് ചെയ്തത്. അതിൽ എന്റെ രോഗത്തെ കുറിച്ചും സംസാരിച്ചു. അത് മാറ്റാൻ ആകുമോ എന്നാണ് ഞാൻ ചോദിച്ചത്. എന്നാൽ ചെറുപ്പത്തിൽ അത് കണ്ടെത്തിയാൽ മാറ്റാൻ ആകുമെന്ന് അദ്ദേഹം പറഞ്ഞു. 41-ാം വയസിലാണ് കണ്ടുപിടിക്കുന്നത്. എനിക്ക് ആ രോഗാവസ്ഥയാണ്, വലിയ രീതിയിൽ അല്ലെങ്കിലും ചെറിയ രീതിയിൽ അത് എനിക്ക് ഉണ്ട്.”
”ഇവിടെ ഞാൻ കണ്ട ചില മുഖങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ മുഖങ്ങളിൽ നിന്നും എന്തോ വെളിച്ചം ഉള്ളിലേക്ക് കയറിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു” എന്നാണ് ഫഹദ് ഫാസിൽ പറയുന്നത്.
കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം.