ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരം ജാൻവി കപൂർ തന്റെ ഏറ്റവും പുതിയ ചിത്രമായ മിസ്റ്റർ ആൻഡ് മിസിസ് മഹിക്കായി ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ രണ്ട് തോളുകൾക്കും പരുക്കേറ്റിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ്. ക്രിക്കറ്റ് പരിശീലനത്തിനായി ഏകദേശം രണ്ട് വർഷം ചെലവഴിച്ചതായും ജാൻവി കഴിഞ്ഞ ദിവസം പറഞ്ഞു.
ബുധനാഴ്ച മുംബൈയിൽ നടന്ന 'ദേഖ തേനു' ഗാനത്തിൻ്റെ ലോഞ്ചിങ് ചടങ്ങിലാണ് ജാൻവി ചിത്രത്തിനായുള്ള തൻ്റെ തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചത്. മിലി പ്രമോഷനിടയിലാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോൾ രണ്ട് വർഷമായെന്നും ജാൻവി പറഞ്ഞു.
രാജ്കുമാർ റാവുവിനെ നായകനാക്കി ശരൺ ശർമയാണ് മിസ്റ്റർ ആൻഡ് മിസിസ് മഹി ൺന്ന ചിത്രം സംവിധാനം ചെയുന്നത്. ഞാനൊരു ക്രിക്കറ്റ് കളിക്കാരിയാകണമെന്ന് സംവിധായകന് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിനായി വിഎഫ്എക്സ് ഉപയോഗിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. എല്ലാം ആധികാരികമായി തോന്നണമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇത്രയധികം കഠിനാധ്വാനം ചെയ്ത സംവിധായകനും, പരിശീലകരായ അഭിഷേക് നയ്യാർക്കും വിക്രാന്തയ്ക്കുമാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്. "എനിക്ക് കുറച്ച് പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. തോളുകൾ രണ്ടും സ്ഥാനം തെറ്റി. പരിശീലനം അവസാനിപ്പിക്കാൻ എനിക്ക് തോന്നിയിരുന്നു. എൻ്റെ ശരീരം കൈവിട്ടു. പക്ഷേ അവർ എന്നെ പ്രചോദിപ്പിച്ചു. ശരൺ ശർമയുടെ കാഴ്ചപ്പാടും അഭിനിവേശവും കാണുമ്പോഴെല്ലാം എനിക്കു ദേഷ്യവും നിരാശയും തോന്നിയിരുന്നു. ഞങ്ങൾ വഴക്കിടുമായിരുന്നു. പക്ഷേ ഇന്ന് ഞങ്ങൾ ഇവിടെയെത്തി. ഞങ്ങൾ ഒരു ടീമായി ചെയ്ത ജോലിയിൽ എനിക്ക് സംതൃപ്തി തോന്നുന്നു. ആളുകൾ അതിനെ അഭിനന്ദിക്കുകയും സിനിമ ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജാൻവി കപൂർ പറഞ്ഞു. താൻ കായികരംഗത്ത് വലിയ താല്പര്യങ്ങളില്ലാത്ത ആളായിരുന്നുവെന്നും നടി കൂട്ടിചേർത്തു.
ധാരാളം നിരൂപക പ്രശംസ നേടിയ ജാൻവിയുടെ 'ഗഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ' എന്ന ചിത്രത്തിന്റെ കൂടെ സംവിധായകനാണ് ശരൺ ശർമ. മേയ് 31 നാണ് മിസ്റ്റർ ആൻഡ് മിസിസ് മഹി തിയേറ്ററുകളിലെത്തുന്നത്. ധർമ എൻ്റർടെയ്ൻമെൻ്റിൻ്റെയും സീ സ്റ്റുഡിയോയുടെയും ബാനറിലാണ് ചിത്രം ഒരുങ്ങിയത്.