എറണാകുളം: കാതൽ സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നൽകിയതിനെതിരെ രംഗത്തുവന്ന കെസിബിസിയക്ക് മറുപടിയുമായി ജിയോ ബേബി. വില കുറഞ്ഞ ആരോപണങ്ങളാണ് കെസിബിസി ഉന്നയിക്കുന്നതെന്നും ഇത്തരം ഉടായിപ്പുകൾ ജനം തിരിച്ചറിയുമെന്നും ജിയോ ബേബി പറഞ്ഞു.
'ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾക്ക് മറുപടി പറയാൻ താൽപര്യമില്ല, സമയവുമില്ല. വിശ്വാസികളെ കൂടെ നിർത്താൻ ഇങ്ങനെയുള്ള ഉടായിപ്പുകളുമായി ഇറങ്ങിയാൽ അത് ജനം തിരിച്ചറിയും,' ജിയോ ബേബി പറഞ്ഞു.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ 'മഴവിൽക്കണ്ണിലൂടെ മലയാള ചലച്ചിത്രം' രചിച്ച കിഷോർ കുമാറിന്റെ ജീവിതത്തെയും മരണത്തെയും കൂടി ജിയോ ബേബി പ്രതികരണത്തിനിടെ ഓർമപ്പെടുത്തി. എൽജിബിടിക്യുഎ കമ്മ്യൂണിറ്റി അംഗമായിരുന്നു കിഷോർ കുമാർ. ലൈംഗിക ന്യൂനപക്ഷമായ മനുഷ്യർക്ക് സാധാരണജീവിതം പോലും സാധ്യമല്ലെന്നും അത് എന്തുകൊണ്ടാണെന്ന് കെ.സി.ബി.സി ചിന്തിക്കണമെന്നും ജിയോ ബേബി പറഞ്ഞു.
കാതൽ ദ കോർ ഒരു പ്രൊപ്പഗണ്ട സിനിമയാണെന്നും അവാർഡ് യാദൃച്ഛികമായിരിക്കാൻ ഇടയില്ലെന്നുമായിരുന്നു അവാർഡ് പ്രഖ്യാപനത്തിൽ കെസിബിസി പ്രതികരിച്ചത്. സ്വവർഗാനുരാഗം പ്രമേയമായ ചിത്രത്തിന് അവാർഡ് നൽകിയതിലൂടെ സർക്കാർ സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കണമെന്നും കെസിബിസി ജാഗ്രതാ സമിതി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
'ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കലാലയങ്ങളിൽ വഴിവിട്ടതും, പ്രകൃതിവിരുദ്ധവുമായ ലൈംഗിക ആശയപ്രചാരണങ്ങൾ നടന്നുവരുന്ന കാലഘട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സ്വവർഗ്ഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നു എന്ന ആശയം സിനിമ മുന്നോട്ടുവച്ചിരിക്കുന്നതും ഇപ്പോൾ അവാർഡുകൾ ലഭിച്ചിരിക്കുന്നതും യാദൃശ്ചികമായിരിക്കാനിടയില്ല,' കെ.സി.ബി.സിയുടെ പ്രസ്താവനയിൽ പറയുന്നു.
മറ്റെല്ലാവരും സ്വവർഗ്ഗ ലൈംഗികതയെ അസ്വാഭാവികമായി കാണുമ്പോൾ ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വം കാതലിലെ നായകനെ ചേർത്തുപിടിക്കുകയാണെന്നും കെസിബിസി പറഞ്ഞു.