മലയാളികളുടെ പ്രിയനടന്മാരിൽ ഒരാളാണ് ബിജു മേനോൻ. സീരിയലുകളിലൂടെ അഭിനയം തുടങ്ങി പിന്നീട് സിനിമയിലെത്തിയ ബിജു മേനോൻ തന്റെ കരിയറിന്റെ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കുകയാണ്. 1991ൽ ഈഗിൾ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആ ചിത്രത്തിൽ ജൂനിയർ ആർടിസ്റ്റ് ആയിട്ടാണ് അഭിനയ ജീവിതത്തിൻ്റെ തുടക്കം കുറിക്കുന്നത്. പിന്നീട് 1994ൽ ജൂഡ് അട്ടിപ്പേറ്റി സംവിധാനം ചെയ്ത പുത്രൻ എന്ന ചിത്രത്തിലായിരുന്നു ബിജു മേനോൻ ആദ്യമായി നായകനാവുന്നത്.
ബിജുമേനോൻ അഭിനയിച്ച മിഖായേലിന്റെ സന്തതികൾ എന്ന സീരിയലിന്റെ തുടർച്ചയായിട്ടായിരുന്നു ഈ സിനിമ. പിന്നീട് നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളിൽ ബിജു മേനോൻ അഭിനയിച്ചിരുന്നു. ബിജു മേനോന്റെ കരിയറിലെ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് തലവൻ സിനിമയുടെ അണിയറ പ്രവർത്തകർ. കരിയറിന്റെ മുപ്പതാം വർഷത്തിൽ ബിജു മേനോൻ നായകനാവുന്ന ചിത്രമാണ് തലവൻ. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ നിർമിക്കുന് ത്രില്ലർ മൂഡിലുള്ള ചിത്രം കൂടിയാണിത്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.