ആസിഫ് അലി, അമല പോൾ എന്നിവർ ആദ്യമായി ഒരുമിക്കുന്ന പുതിയ ചിത്രമാണ് ലെവൽ ക്രോസ്. നവാഗതനായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലൂടെ ആദ്യമായി പിന്നണി ഗായികയായും എത്തിയിരിക്കുകയാണ് അമല പോൾ. വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ എന്റെ പിന്നിലെ രൂപം എന്ന് ആരംഭിക്കുന്ന ഗാനമാണ് അമല ആലപിച്ചിരിക്കുന്നത്. വരാൻ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് ഈ ഗാനമെന്ന് അമല പ്രതികരിച്ചു.
അമലയെക്കൊണ്ട് പാടിപ്പിക്കാൻ താൻ കുറച്ച് പാടുപെട്ടെന്ന് സംവിധായകൻ അർഫാസ് ചിത്രത്തിൻറെ പ്രൊമോഷണൽ വാർത്താ സമ്മേളനത്തിൽ തമാശരൂപേണ പറഞ്ഞിരുന്നു. താൻ ലൊക്കേഷനിൽ വെറുതെയിരുന്നപ്പോൾ പാടിയ മൂളിപ്പാട്ട് കേട്ടാണെന്ന് തോന്നുന്നു തന്നെകൊണ്ട് പാടിപ്പിച്ചതെന്ന് അമലയും മറുപടി നൽകി. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയൂബ്. മോഹൻലാൽ നായകനായെത്തുന്ന റാം സിനിമയുടെ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത്. ലെവൽ ക്രോസിൻറെ
കഥയും തിരക്കഥയും രചിച്ചിരിക്കുന്നതും അർഫാസ് തന്നെയാണ്.
ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മേക്കോവറിലാണ് ആസിഫ് അലി എത്തുന്നത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് വമ്പൻ തുകയ്ക്ക് തിങ്ക് മ്യൂസിക് സ്വന്തമാക്കിയിരുന്നു. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ഛായാഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സംഭാഷണം ആദം അയൂബ്, സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്, കോസ്റ്റ്യൂം ലിൻറ ജീത്തു, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്, പി ആർ ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ജൂൺ രണ്ടാം വാരം തിയറ്ററുകളിലെത്തും.