ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷമുള്ള തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മുംബൈയിലെ പോളിങ് ബൂത്തിലാണ് അക്ഷയ് കുമാർ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. ‘‘എന്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഞാൻ വോട്ട് ചെയ്തത്.’’– വോട്ട് വിരൽ ഉയർത്തിക്കാട്ടി അക്ഷയ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അക്ഷയ് കുമാറിന് പുറമെ നടി ജാൻവി കപൂർ, രാജ്കുമാർ റാവു, ഫർഹാൻ അക്തർ സോയ അക്തർ തുടങ്ങി നിരവധി താരങ്ങൾ പോളിംഗ് ബൂത്തിലെത്തി തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
2023 ഓഗസ്റ്റിൽ ഇന്ത്യൻ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യമായാണ് അക്ഷയ് കുമാർ വോട്ട് രേഖപ്പെടുത്തുന്നത്. 2011 ലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിക്കുന്നത്. കുടുംബത്തിനൊപ്പം കാനഡയിൽ താമസിച്ചുവരികയായിരുന്ന താരം ആ രാജ്യത്തെ പൗരത്വം സ്വീകരിക്കുകയായിരുന്നു. സാംസ്‌കാരിക, സിനിമ രംഗത്തെ ഇന്ത്യയുമായുളള ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2011 ൽ കാനഡയിൽ അധികാരത്തിലെത്തിയ കൺസർവേറ്റീസ് ഗവൺമെന്റാണ് അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വം സമ്മാനിച്ചത്.
കനേഡിയൻ പൗരത്വം സ്വീകരിച്ചതോടെ താരത്തിന്റെ ഇന്ത്യൻ പൗരത്വവും നഷ്ടമാകുകയായിരുന്നു. പിന്നീട് 12 വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്.സിനിമകൾ തുടർച്ചയായി പരാജയപ്പെട്ട സമയത്താണ് അക്ഷയ് കുമാർ കാനഡയ്ക്കു പോകുന്നതും കനേഡിയൻ പൗരത്വത്തിന് അപേക്ഷിക്കുന്നതും. കനേഡിയൻ പൗരത്വം റദ്ദാക്കാനുള്ള അപേക്ഷ നൽകിയതായി അദ്ദേഹം കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി നടൻ അപേക്ഷിച്ചിരുന്നുവെങ്കിലും കോവിഡ് സാഹചര്യങ്ങൾ കാരണം നടപടികൾ നീണ്ടുപോകുകയായിരുന്നു.
ഇന്ത്യയാണ് എനിക്ക് എല്ലാം ഞാൻ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. എന്നാണ് ഇന്ത്യൻ പൗരത്വത്തിനു അപേക്ഷിച്ചതിനു ശേഷം അക്ഷയ് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്