ആലപ്പുഴ: നടൻ തിലകൻ തന്നോട് പറഞ്ഞത് ഓരോന്നും ശരിയാണെന്ന് അടിവരയിടുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് തിലകന്റെ ഉറ്റസുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ.താൻ എന്ത് കുറ്റം ചെയ്തിട്ടാണ് തന്നെ ക്രൂശിക്കുന്നതെന്ന് തിലകൻ പറയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
മലയാള സിനിമയിൽ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരൽ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാൾ അഴിഎണ്ണും എന്ന് തിലകൻ അന്നേ പറഞ്ഞു. അയാൾ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ലെന്ന് മാത്രം.-അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞു.
തിലകൻ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂളിംഗ് ഗ്ലാസ് മാറുന്ന ഒരു നടനും തിലകനെ വേട്ടയാടിയിരുന്നു.പേര് പറയില്ല കൂളിംഗ് ഗ്ലാസ് മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറഞ്ഞിരുന്നത്. കൂളിംഗ് ഗ്ലാസ് സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു.ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു.
തിലകന് മോഹൻലാലിനെ ഏറെ ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് വിനയന്റെ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു. പതിനഞ്ചു പേർ ചെറിയ ആളുകൾ അല്ല. തിലകനെ വച്ച് സീരിയൽ എടുക്കാൻ വന്ന ആളെ വിലക്കി. തിലകൻ ഉണ്ടെങ്കിൽ മറ്റാരും കാണില്ലെന്ന് പറഞ്ഞു.
വിലക്കിയത് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാർ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാൻ കഴിയില്ലെന്ന് തിലകൻ പറഞ്ഞു. വ്യക്തിപരമായ പ്രശ്നം അല്ല, സിനിമയിലെ മാഫിയ ആയിരുന്നു പിന്നിലെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
അദ്ദേഹം അന്ന് പറഞ്ഞത് ഓരോന്നും ശരിയാണെന്നു ഹേമ കമ്മിറ്റി അടിവരയിടുന്നു. അന്തസ്സുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. കേരള സമൂഹത്തോട് മാപ്പ് പറയണം. ആ മഹാനടനോട് കാണിച്ച ക്രൂരതയ്ക്ക് എന്ത് മാത്രം കഥാപാത്രങ്ങളാണ് നഷ്ടപ്പെടുത്തിയതെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ പറഞ്ഞു.