ജഗദീഷ്, ബൈജു എന്നിവരെപോലെ ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടൻ പൃഥ്വിരാജ്. പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടുന്ന ജഗദീഷേട്ടനും അതുപോലെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനുമെന്നാണ് ഇരുവരേയും നടൻ വിശേഷിപ്പിച്ചത്.
വ്യക്തിപരമായി തനിക്ക് നല്ല അടുപ്പമുള്ളവരാണ് ഇരുവരുമെന്നും രണ്ടു പേരോടൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ സാധിക്കുന്നു എന്നു പറയുന്നത് വലിയ പാഠമാണെന്നും പൃഥ്വിരാജ്. പറഞ്ഞു.ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിലാണ്
പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
'പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടുന്ന ജഗദീഷേട്ടനും അതുപോലെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും ഇവിടെയുണ്ട്. വ്യക്തിപരമായി എനിക്ക് നല്ല അടുപ്പമുള്ളവരാണ് ഇവർ. വളരെ ചെറുപ്പം മുതൽ കാണുന്നവരാണ്. രണ്ടു പേരോടൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ സാധിക്കുന്നു എന്നു പറയുന്നത് എനിക്ക് വലിയ പാഠമാണ്. കാരണം ജഗദീഷേട്ടൻ ചെറിയ പിള്ളേർക്കൊപ്പം അഭിനയിക്കുമ്പോൾ അവരുടെ ടൈംലൈനിൽ ഉള്ള അഭിനേതാവ് ആണ്. ബൈജു ചേട്ടൻ ഇന്നും വിപിൻ ദാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ വിപിൻ ദാസിന്റെ ഗ്രാമറിൽ ഉള്ള ആക്ടറാണ്. അതുപോലെ ആകണേ ഞാനും എന്നാണ് എന്റെ പ്രാർഥന'- പൃഥ്വിരാജ് പറഞ്ഞു.
ജയ ജയ ജയ ജയ ഹേ ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. മെയ് 16 ന് തിയറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രത്തിൽ ബേസൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, തമിഴ് താരം യോഗി ബാബു എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം നിർമിച്ചത്.