മലയാള ചലച്ചിത്രരംഗത്ത് ഹാസ്യ നടനായി തുടക്കം, സമീപകാലത്ത് കരുത്തുറ്റ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടൻ,മറ്റാരുമല്ല അത് ഇന്ദ്രൻസാണ്.അടുത്തിടെ താരം ചെയ്ത സിനിമകളിലെ എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്.
ഇപ്പോഴിതാ അത്തരത്തിൽ നല്ല കഥാപാത്രങ്ങൾ എന്ത് ബുദ്ധിമുട്ട് സഹിച്ചും ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് തുറന്നുപറയുകയാണ് അദ്ദേഹം.ചില അവസരങ്ങളിൽ മലയാള സിനിമയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും സഹകരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം തുറന്നുപറയുന്നു. ‘കുണ്ഡല പുരാണം’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രസിന്റെ വെളിപ്പെടുത്തൽ.
“ചില കഥാപാത്രങ്ങളെ പറ്റി പറഞ്ഞിട്ടൊക്കെയുണ്ട്. പക്ഷേ നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല അതൊന്നും. ഓരോ സിനിമയും വരുമ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വപ്നം കണ്ടിട്ടാണ് പോകുന്നത്. ചിലത് ഉടഞ്ഞങ്ങ് വീണു പോകും. ചിലപ്പോൾ നല്ല കഥാപാത്രങ്ങൾ കിട്ടും. എല്ലാം ആവേശത്തോടെ തന്നെയാണ് തുടങ്ങുന്നത്. നല്ല കഥാപാത്രങ്ങളും വരുന്നുണ്ട്. പ്രതിഫലത്തിൽ കുറച്ചൊക്കെ ഇപ്പോൾ ബലം പിടിക്കുന്നുണ്ട്. വേണ്ടതും ഇല്ലാത്തതും ഒക്കെ ഇപ്പോൾ അറിയാം. ഒരുപാട് സിനിമകൾ ഒന്നും നമുക്ക് വരാറില്ല. ചില കഥാപാത്രങ്ങൾ വരുമ്പോൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് പറയാറുണ്ട്. എങ്കിലും അതിൽ പെട്ടു പോയിട്ടുണ്ട്”.
“വരുന്ന കഥാപാത്രങ്ങൾ അങ്ങനെ ഒഴിവാക്കിയിട്ടൊന്നുമില്ല. വരുന്നത് പോകാതിരിക്കാനെ നോക്കാറുള്ളൂ. ചില കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഡയറക്ടർ പറയുന്നത് അനുസരിക്കണം. അതേയുള്ളൂ മാർഗം. എല്ലാം ഒത്തു വന്നാലേ പ്രമേയത്തിൽ ഒക്കെ മാറ്റം വരുകയുള്ളൂ. തരുന്ന ഭക്ഷണത്തിൽ കുറച്ചോട്ടെ, താമസസൗകര്യം കുറച്ചോട്ടെ, പക്ഷേ ഫ്രെയിമിൽ വിട്ടുവീഴ്ച ചെയ്യില്ല എന്ന് പറയുന്ന സിനിമകളിൽ വർക്ക് ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ, സിനിമയെ ആണല്ലോ ദൈവമേ നശിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ട് ചിലർക്കൊപ്പം വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മേക്കപ്പ് പോലും ചെയ്യാതെ, ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട്”-ഇന്ദ്രൻസ് പറഞ്ഞു.