നിരവധി താരപുത്രൻമാർ അരങ്ങുവാഴുന്ന മലയാളസിനിമയിലേയ്ക്ക മറ്റൊരാൾ കൂടിയെത്തുന്നു.നടൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകനാണ് മലയാളി സിനിമയിലേയ്ക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്ന താരം. നടൻ തിലകന്റെ കൊച്ചുമകൻകൂടിയാണ് അഭിമന്യു.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനംചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു തിലകന്റെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള അരങ്ങേറ്റം.അഭിമന്യുവിനെ സ്വാഗതംചെയ്തുകൊണ്ടുള്ള പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. എന്നാൽ ഏത് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുകയെന്നത് സംബന്ധിച്ച വിവരമൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ എന്ന പ്രത്യേകതയുമായാണ് മാർക്കോ എത്തുന്നത്.മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെയും ജീവിതത്തെയും ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. മാർക്കോ ജൂനിയറിൻ്റെ ഭൂതകാലത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകാനൊരുങ്ങുന്നത്.
സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, ധുർവ ഥാക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്യുന്ന ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.