പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നതെന്ന് നടൻ മമ്മൂട്ടി. നല്ല പ്രേക്ഷകർ ഉള്ളിടത്ത് മാത്രമാണ് നല്ല സിനിമകളുണ്ടാകുന്നത്. അവർ നല്ല സിനിമകൾ മാത്രം കാണുമ്പോൾ, സിനിമാപ്രവർത്തകരും നല്ല സിനിമകളുണ്ടാക്കാൻ നിർബന്ധിതരാകുകയാണെന്നും താരം പറഞ്ഞു. ടർബോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്റെ പ്രതികരണം.
പ്രേക്ഷകർ മാറിയാൽ മാത്രമേ സിനിമ മാറുകയുള്ളൂ. പ്രേക്ഷകരാണ് സിനിമയെ മാറ്റുന്നത്. കൊള്ളില്ലാത്തത് കാണാതിരിക്കുകയും നല്ലത് മാത്രം കാണുകയും ചെയ്യുമ്പോൾ സ്വാഭാവികമായി സിനിമയും മാറും. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമയുണ്ടാവുകയുള്ളൂ. അതിൽ തർക്കമൊന്നുമില്ല. പ്രേക്ഷകർ സിനിമയെ പ്രോത്സാഹിപ്പിക്കുകയും കാണാൻ വരുകയും ചെയ്യുന്നത് കൊണ്ടാണ് നല്ല സിനിമകളുണ്ടാകുന്നത്. മറ്റു ഭാഷകളിൽ, അവർക്ക് പ്രേക്ഷകരെ അറിയാത്തത് കൊണ്ടാണ് പരാജയപ്പെട്ടു പോകുന്നത്. പ്രേക്ഷകരാണ് സിനിമയെ നിയന്ത്രിക്കുന്നതെന്നാണ് മമ്മൂട്ടി പറയുന്നത്.
അതേസമയം മമ്മൂട്ടിയുടെ ടർബോ എന്ന ചിത്രം ഈ മാസം 23 ന് റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിൻ്റെ തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുങ്ങുന്നത്.