ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി കാരണം 15 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി സൂം.കോവിഡ് കാലത്ത് വലിയ രീതിയില്‍ നേട്ടം കൈവരിച്ച വീഡിയോ കോളിങ് സേവനമായ സൂം 1300 ജീവനക്കാരെയാണ് പിരിച്ചു വിടുന്നത്.ഈ സാമ്പത്തിക വര്‍ഷം മുതല്‍ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കുമെന്നും കമ്പനി മേധാവി എവിക് യുവാന്‍ അറിയിച്ചു.
ആഗോള തലത്തില്‍ ടെക് കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സൂമിനെയും ബാധിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരം ഒരു തീരുമാനം എടുക്കുന്നതെന്ന് എവിക് യുവാന്‍ അറിയിച്ചു.നേതൃനിരയിലുള്ള മറ്റ് ഉദ്യേഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും.
വാണിജ്യ സ്ഥാപനങ്ങളും ആളുകളും തങ്ങളുടെ സേവനം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് യുവാന്‍ പറഞ്ഞു.16 ആഴ്ച്ചത്തെ ശമ്പളവും 2023 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക ബോണസും ഉള്‍പ്പെടെയുള്ള അനുകൂല്യങ്ങളാണ് പിരിച്ചുവിടുന്ന സ്ഥിരം ജീവനക്കാര്‍ക്ക് കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്.