ന്യൂഡല്‍ഹി: രാജ്യത്തെ 71 ലക്ഷത്തിലധികം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ മരവിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ 1 മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ക്കാണ് വാട്‌സ് ആപ്പ് വിലക്കേര്‍പ്പെടുത്തിയത്.
ഒരു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ഇത്രയുമധികം വാട്‌സാപ്പ് അക്കൗണ്ടുകള്‍ക്ക് മാതൃ കമ്പനിയായ മെറ്റ വിലക്കേര്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. വാട്‌സ് ആപ്പ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ യൂസേഴ്‌സില്‍ നിന്നുള്ള പരാതികള്‍ ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി മെറ്റ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകള്‍, വ്യാജ വാര്‍ത്തകള്‍, വിദ്വേഷ പ്രചരണം തുടങ്ങിയവക്കുപയോഗിച്ച അക്കൗണ്ടുകള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് നടപടിയെന്ന് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
വാട്ട്സ്ആപ്പിന്റെ പ്രതിമാസ കംപ്ലയന്‍സ് റിപ്പോര്‍ട്ടിലാണ് നിരോധനത്തിന്റെ കണക്കുകള്‍ ഉള്ളത്. രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്‌സാപ്പിനുള്ളത്. ഓരോ ദിവസവും ആയിരക്കണക്കിന് അക്കൗണ്ടുകള്‍ക്കെതിരെയാണ് പരാതി ലഭിക്കുന്നതെന്ന് വാട്‌സാപ്പ് വിശദീകരിക്കുന്നു.