ആഗോളതലത്തിൽ ഏറ്റവുമധികം പ്രചാരണത്തിലുള്ള മെസേജിങ് പ്ലാറ്റ് ഫോമാണ് വാട്ട്സ്ആപ്പ്. മാത്രമല്ല പുതിയതും ഉപഭോക്താക്കളുടെ ആവശ്യാനുസരണം മാറ്റങ്ങളും ഫീച്ചറുകളും കൊണ്ടുവരുന്നതിൽ വാട്ട്സ്ആപ്പ് മുന്നിലാണ്. വോയിസ് കോൾ, വീഡിയോ കോൾ തുടങ്ങി പണം കൈമാറാൻ വരെ ഇപ്പോൾ വാട്ട്സ്ആപ്പിലൂടെ സാധിക്കും.
ഇപ്പോഴിതാ ഉപയോക്താക്കളുടെ സംഖ്യ വലുതായതിനാൽ സുരക്ഷയുറപ്പാക്കേണ്ടതും പ്രധാനമാണ്.സുരക്ഷയുടെ ഭാഗമായി പാസ് കീ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാനുള്ള പുതിയ സവിശേഷത അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് വാട്ട്സ്ആപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2 ഫാക്ടർ ഒതന്റിക്കേഷനു പകരമാണ് വാട്ട്സ്ആപ്പ് പാസ് കീ അവതരിപ്പിക്കുന്നത്. ഫേസ് അൺലോക്ക്, ഫിംഗർപ്രിന്റ്, പിൻ നമ്പർ എന്നിവ ഉപയോഗിച്ച് വാട്ട്സ്ആപ്പിലേക്ക് ഉപയോക്താക്കൾക്ക് പ്രവേശിക്കാനാകും. പാസ് കീ ഉപയോഗിച്ച് അപ്ലിക്കേഷനുകൾ സുരക്ഷിതമാക്കാനുള്ള ഗൂഗിളിന്റെ നിർദേശത്തിന് പിന്നാലെയാണ് വാട്ട്സ്ആപ്പിന്റെ പുതിയ നീക്കം.
പാസ്വേഡ് ഒഴിവാക്കിക്കൊണ്ടുള്ള പുതിയ തരം ലോഗ് ഇൻ സംവിധാനമാണ് പാസ് കീ. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വ്യക്തിയുടെ സ്ഥിരീകരണത്തിനായി പാസ്വേഡിന് പകരം ബയോമെട്രിക് സംവിധാനങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഫിംഗർപ്രിന്റ്, ഫേസ് ആൺലോക്ക്, പിൻ നമ്പർ തുടങ്ങിയവ.
പാസ് കീ ഒരു വ്യക്തിയുടെ ഉപകരണത്തിൽ മാത്രമായിരിക്കും പ്രവർത്തിക്കുക. മറ്റൊരു ഉപകരണത്തിൽ ഉപയോഗിക്കണമെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്തതിന് ശേഷം മറ്റൊരു ഉപകരണത്തിൽ നിന്ന് ഫേസ് ഐഡിയോ ടച്ച് ഐഡിയോ ഉപയോഗിച്ച് ലോഗ് ഇൻ ചെയ്യാൻ കഴിയും.
പാസ്വേഡും പാസ് കീയും തമ്മിലുള്ള വ്യത്യാസം
ഒരു ആപ്ലിക്കേഷനിലേക്ക് ലോഗ് ഇൻ ചെയ്യുന്നതിന് ഇപ്പോൾ നിലവിലുള്ള മാനദണ്ഡമാണ് പാസ്വേഡ്. ഇതിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്ന് പാസ്വേഡ് മറന്നുപോകാനുള്ള സാധ്യതയാണ്. മറ്റുള്ളവർ പസ്വേഡ് കണ്ടെത്താതിരിക്കാൻ ബുദ്ധിമുട്ടുള്ള പാസ്വേഡ് ഉപയോഗിക്കുകയും ചെയ്യണം.
പാസ്വേഡ് എളുപ്പത്തിൽ കണ്ടെത്താനാകുന്നതാണെങ്കിൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. പാസ് കിയാകുമ്പോൾ ഈ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. ബയോമെട്രിക്ക് സംവിധാനമായതിനാൽ സുരക്ഷിതമാണെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ആൻഡ്രോയഡിൽ വാട്ട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ പാസ് കീ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വാബീറ്റഇൻഫൊ ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. അടുത്ത മാസങ്ങളിൽ തന്നെ സവിശേഷത ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് വാട്ട്സ്ആപ്പ് പുറത്തുവിടുന്ന വിവരം.പാസ്വേഡ് ഒഴിവാക്കിക്കൊണ്ടുള്ള സംവിധാനത്തിലേക്ക് നീങ്ങുന്ന ആദ്യത്തെ പ്ലാറ്റ്ഫോമല്ല വാട്ട്സ്ആപ്പ്. വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ ആപ്പിളും പാസ് കീ അവതരിപ്പിച്ചിരുന്നു.
ഫേസ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓരോ വെബ്‌സൈറ്റിനും പാസ്‌കീകൾ സൃഷ്‌ടിക്കാൻ കഴിയും. ഇത് ആപ്പിൾ ടിവി ഉൾപ്പെടെ ആപ്പിൾ ഉപകരണങ്ങളിലുടനീളം സുരക്ഷിതമായി സമന്വയിപ്പിക്കാനാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.