ഡല്‍ഹി: ഏത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണെങ്കിലും ആധാര്‍ ചോദിക്കാറുണ്ട്. ഫോണും ബാങ്ക് അക്കൗണ്ടുമെല്ലാം ഇപ്പോള്‍ ആധാറുമായി ലിങ്ക്ഡുമാണ്.എന്നാല്‍ നിരവധി പേര്‍ ഇന്നും ആധാര്‍ അപ്‌ഡേറ്റ് ചെയ്തിട്ടില്ല. അവരോട് ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്ന അഭ്യര്‍ഥിക്കുകയാണ് യുഐഡിഎഐ.
10 വര്‍ഷത്തില്‍ കൂടുതലായി യുണീക് ഐഡി നല്‍കിയെങ്കിലും അവരവരുടെ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത ആധാര്‍ ഉടമകളോട് തിരിച്ചറിയല്‍ രേഖകളും റസിഡന്‍സ് പ്രൂഫ് രേഖകളും അപ്ഡേറ്റ് ചെയ്യാനാണ് യുഐഡിഎഐ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. യുഐഡിഎഐ ആധാര്‍ നമ്പറുകള്‍ നല്‍കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഓണ്‍ലൈനായും ആധാര്‍ കേന്ദ്രങ്ങളില്‍ നിന്നും ആധാര്‍ കാര്‍ഡ് അപ്ഡേറ്റ് ചെയ്യാമെന്ന് പ്രസ്താവനയില്‍ പറയുന്നുണ്ട്. 10 കൊല്ലങ്ങള്‍ക്ക് മുന്‍പ് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കിയവരും അവരുടെ രേഖകള്‍ അപ്ഡേറ്റ് ചെയ്യാന്‍ യുഐഡിഎഐ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ഈ അപ്ഡേറ്റ് ചെയ്യുന്നത് നിര്‍ബന്ധമാണോ എന്ന് യുഐഡിഎഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആധാര്‍ എടുത്തവരും തുടര്‍ന്നുള്ള ഒരു വര്‍ഷവും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാതിരിക്കുകയും ചെയ്യുന്ന ഏതൊരു വ്യക്തിയും ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യണമെന്നാണ് പറയുന്നത്.
ആവശ്യമായ ഫീസ് അടച്ച് തിരിച്ചറിയല്‍ രേഖകളും താമസവുമായി ബന്ധപ്പെട്ട തെളിവുകളും അപ്ഡേറ്റ് ചെയ്യണം. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ വ്യക്തികളുടെ തിരിച്ചറിയല്‍ മാര്‍ഗമായി ആധാര്‍ നമ്പര്‍ മാറിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.
പല സര്‍ക്കാര്‍ പദ്ധതികളിലും സേവനങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തിരിച്ചറിയല്‍/സര്‍ട്ടിഫിക്കേഷനിലെ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ അവരുടെ ആധാര്‍ ഡാറ്റ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.