ഹോളിവുഡ് ചിത്രം ജോണ്‍ വിക്കിന്റെ വ്യാജ പതിപ്പ് ട്വിറ്ററില്‍. ഈ വര്‍ഷം പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ കീനു റീവ്സിന്റെ ജോണ്‍ വിക്ക് ചാപ്റ്റര്‍ 4 -ന്റെ വ്യാജ പതിപ്പ് ട്വിറ്ററില്‍ വൈറലാണ്.
എച്ച്ഡി ക്വാളിറ്റിയോടുകൂടിയ സിനിമ ആവശ്യക്കാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനോ ഓണ്‍ലൈനായി കാണാനോ സാധിക്കും. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ രണ്ട് മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ലഭ്യമായതിനു പിന്നാലെയാണ് ദുരുപയോഗം.
പുതിയ അപ്‌ഡേറ്റ് വന്നതോടെ ആളുകള്‍ ഒരു സിനിമ മുഴുവന്‍ ട്വിറ്ററില്‍ അപ് ലോഡ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. ഷ്രെക്ക്, ഈവിള്‍ ഡെഡ് പോലുള്ള നിരവധി സിനിമകള്‍ അപ് ലോഡ് ചെയ്ത കൂട്ടത്തിലുണ്ട്. മാര്‍ച്ച് 24നാണ് ജോണ്‍ വിക്ക് തിയറ്ററിലെത്തിയത്.
സിനിമ പുറത്തിറങ്ങി രണ്ടാമത്തെ മാസമാണ് സിനിമ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് രണ്ട് മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളതിനാല്‍ രണ്ട് ഭാഗങ്ങളായാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്.
സിനിമ ഷെയര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ 40 ലക്ഷത്തിലേറെ പേര്‍ സിനിമ കണ്ടുകഴിഞ്ഞു. 12000 ല്‍ ഏറെ റീട്വീറ്റുകളും 76000 ലധികം ലൈക്കുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്. ജൂണ്‍ 23 നാണ് ജോണ്‍ വിക്ക് ചാപ്റ്റര്‍ 4 ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലയണ്‍ഗേറ്റ് പ്ലേ വഴിയാണ് സിനിമ പുറത്തിറങ്ങുന്നത്. 2014 ലാണ് ജോണ്‍ വിക്ക് ഫ്രാഞ്ചൈസിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. ചാഡ് സ്റ്റഹേല്‍സ്‌കിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ പുറത്തിറങ്ങി 24 മണിക്കൂര്‍ പിന്നിട്ടിട്ടും ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.