ട്വിറ്ററില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാല്‍ ഉപഭോക്താക്കള്‍ക്ക് ഇനി അപ്പീല്‍ നല്‍കാം.ഈ അപ്പീലുകള്‍ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് വിലയിരുത്തി പുനസ്ഥാപിക്കുന്ന കാര്യം പരിഗണിക്കും.ഫെബ്രുവരി ഒന്ന് മുതലാണ് ഈ രീതി നിലവില്‍ വരികയെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.
പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഗുരുതരമായതും തുടര്‍ന്നുകൊണ്ടിരിക്കുന്നതും ആവര്‍ത്തിക്കുന്നതുമായ ലംഘനങ്ങളുണ്ടായാല്‍ മാത്രമാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുക.നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍, പ്രവൃത്തികള്‍, കുറ്റകൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഭീഷണിപ്പെടുത്തുക, മറ്റ് ഉപഭോക്താക്കളെ സംഘടിതമായി ഉപദ്രവിക്കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളായി ട്വിറ്റര്‍ കണക്കാക്കും.
ട്വിറ്ററിന്റെ നയങ്ങള്‍ക്ക് യോജിക്കാത്ത ട്വീറ്റുകളുടെ പ്രചാരം നിയന്ത്രിക്കുകയും അത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യും.ഇക്കഴിഞ്ഞ ഡിസംബറില്‍ വിവിധ മാധ്യമപ്രവര്‍ത്തകരുടേയും ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ച ചില പ്രമുഖരുടേയും അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.