മുംബൈ: അനാവശ്യഫോൺവിളികൾക്ക് എതിരെ കർശന നടപടിയുമായി ടെലിഫോൺ റഗുലേറ്ററി അതോറിറ്റി (ട്രായ്).കച്ചവട താത്പര്യങ്ങളോടെയുള്ള അനാവശ്യ ഫോൺവിളികൾ നിയന്ത്രിക്കുകയാണ് ട്രായിയുടെ ഉദ്ദേശം.2018-ലെ നിയന്ത്രണചട്ടത്തിന്റെ ഭാഗമായാണ് ബ്ലോക്‌ചെയിൻ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്‌നോളജി’ സംവിധാനത്തിന് കടിഞ്ഞാണിടുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ടെക്‌നോളജി, സ്‌പാം ഡിറ്റക്‌റ്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളുമാണ് നിയന്ത്രിക്കുന്നത്.അൺസോളിസിറ്റഡ് കൊമേഴ്‌സ്യൽ കമ്മ്യൂണിക്കേഷനിൽ (യുസിസി) നിന്നുള്ള സ്പാം മെസെജുകളും കോളുകളും സംബന്ധിച്ച് ആളുകളിൽ നിന്ന് നിരവധി പരാതികൾ വരുന്നുണ്ട്.
ഇതിനെ തുടർന്നാണ് ടെലികോം റെഗുലേറ്ററിയുടെ പുതിയ തീരുമാനം. അനാവശ്യ കോളുകളും സന്ദേശങ്ങളും സാമ്പത്തിക തട്ടിപ്പുകൾക്ക് കാരണമാകുന്നുണ്ട്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് തട്ടിപ്പ് തടയാൻ ട്രായ് കർമ്മപദ്ധതി രൂപികരിക്കുന്നത്.
കമ്മ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലോക്കൽ സർക്കിൾസ് അടുത്തിടെ നടത്തിയ ഒരു സർവേ പ്രകാരം 10 ൽ10 പേരും പലതരത്തിലുള്ള വ്യക്തിഗത ഡാറ്റാ ലംഘനത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.രജിസ്റ്റർ ചെയ്ത ടെലിമാർക്കറ്റുകാരെക്കുറിച്ചുള്ള പരാതികൾ 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ ഇപ്പോഴും ഉപഭോക്താക്കളെ വിളിച്ച് ശല്യം ചെയ്യുന്നുണ്ടെന്ന പരാതി കൂടിയിരിക്കുകയാണ്.
അനാവശ്യ സന്ദേശങ്ങളെപ്പോലെ തന്നെ ഇത്തരം ഫോൺവിളികളും നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ട്രായ് ചൂണ്ടിക്കാട്ടുന്നത്.നേരത്തെ രാജ്യത്തെ ടെലികോം രംഗത്തും കമ്പനികളുടെ പ്രവർത്തനങ്ങളും കൂടുതൽ ലളിതവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.ട്രായ് തന്നെ പുറത്തിറക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഇൻ ടെലികോം ആന്റ് ബ്രോഡ്കാസ്റ്റിങ് സെക്ടർ എന്ന കൺസൾട്ടേഷൻ പേപ്പറിലാണ് പൊതുജനത്തിന്റെ അഭിപ്രായം ഇവർതേടിയത്.