ട്വിറ്ററിന് സമാനമായ മെറ്റയുടെ ആപ്പാണ് ത്രെഡ്‌സിന് 100 ദശലക്ഷം ഉപയോക്താക്കള്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
ആപ്പില്‍ സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുന്നുണ്ട്.2.35 ബില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള ഇന്‍സ്റ്റാഗ്രാമുമായി മെറ്റാ സേവനം ബന്ധിപ്പിച്ചതിനെ തുടര്‍ന്നാണ് ത്രെഡ്‌സിന് ഇത്രയധികം ഉപയോക്താക്കളെ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ത്രെഡ്‌സില്‍ സൈന്‍ അപ്പ് ചെയ്യുന്ന ഉപയോക്താക്കളെ സൂചിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാമില്‍ താല്‍ക്കാലിക 'അക്കൗണ്ട് നമ്പറുകള്‍' ചേര്‍ക്കുന്നുണ്ട്. ഈ നമ്പറുകള്‍ കാലക്രമത്തില്‍ ഉപയോക്താക്കള്‍ക്ക് നല്‍കും.
ത്രെഡില്‍ എത്ര ഉപയോക്താക്കള്‍ സൈന്‍ അപ്പ് ചെയ്തിട്ടുണ്ട് എന്നത് അറിയാനും ഇത് സഹായിക്കും. ട്വിറ്ററിന് സമാനമായ ആപ്പെന്ന് പറയുന്നുണ്ടെങ്കിലും സ്വകാര്യ സന്ദേശമയയ്ക്കല്‍ , ഹാഷ്ടാഗ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യല്‍ എന്നിങ്ങനെയുള്ള പല ഫീച്ചറുകളും ഇവിടെ ലഭിക്കില്ല.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ആന്‍ഡ്രോയിഡിലെ ത്രെഡ്സ് ആപ്പിന്റെ ബീറ്റ പതിപ്പ് പരീക്ഷിക്കാനും കഴിയില്ല. ഇന്‍സ്റ്റാഗ്രാമുമായി ലിങ്ക് ചെയ്തിരിക്കുന്നതിനാല്‍ ത്രെഡ്‌സ് ആപ്പ് ഡീലിറ്റ് ചെയ്താല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഡീലിറ്റാകും.
ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നതനുസരിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ ത്രെഡ്സ് അക്കൗണ്ടും ഇന്‍സ്റ്റഗ്രാമും വെവ്വേറെ ആക്കാനുള്ള പ്രവര്‍ത്തനത്തിലാണ് കമ്പനി.
കഴിഞ്ഞ ദിവസം ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം മസ്‌ക് പിരിച്ചുവിട്ട ജീവനക്കാരെ മെറ്റ ത്രെഡ്‌സില്‍ നിയമിച്ചതായി ആരോപിച്ച് എലോണ്‍ മസ്‌കിന്റെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു.
മെറ്റാ അതിന്റെ ത്രെഡ്സ് എന്ന ടെക്സ്റ്റ് അധിഷ്ഠിത ആപ്പ് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആരോപണങ്ങളുമായി അഭിഭാഷകന്‍ രംഗത്ത് വന്നത്. മസ്‌കിന്റെ അഭിഭാഷകന്‍ അലക്സ് സ്പിറോ, മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്ത് അയച്ചിരുന്നു.
കമ്പനി ഒരു 'കോപ്പികാറ്റ്' ആപ്പ് സൃഷ്ടിക്കാനായി 'ഡസന്‍ കണക്കിന് വരുന്ന മുന്‍ ട്വിറ്റര്‍ ജീവനക്കാരെ' നിയോഗിച്ചിട്ടുണ്ടെന്നാണ് കത്തില്‍ പറയുന്നത്. ഈ ജീവനക്കാരില്‍ ചിലര്‍ക്ക് ഇപ്പോഴും ട്വിറ്ററിന്റെ വ്യാപാര രഹസ്യങ്ങളിലേക്കും രഹസ്യ വിവരങ്ങളിലേക്കും ആക്സസ് ഉണ്ടെന്നും അവര്‍ ട്വിറ്റര്‍ രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും തെറ്റായി സൂക്ഷിച്ചിരിക്കാമെന്നും കത്തില്‍ ആരോപിക്കുന്നു.