ന്യൂഡല്‍ഹി : ഐഫോണില്‍ ഇനി തേഡ്പാര്‍ട്ടി ആപ്പ് സ്റ്റോറുകളും ലഭ്യമാകും. തേഡ്പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്കും മറ്റ് ബ്രൗസര്‍ എഞ്ചിനുകള്‍ക്കും ഐഒസില്‍ അനുമതി നല്‍കി യൂറോപ്യന്‍ യൂണിയനില്‍ ആപ്പിള്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. ആപ്പ് സ്റ്റോറിലും, കോണ്‍ടാക്റ്റ് ലെസ് പേമെന്റ്സിലും അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐമെസേജ് ആപ്പിലെ സുരക്ഷാ പിന്തുണ മെച്ചപ്പെടുത്തുകയും പുതിയ ഇമോജികള്‍ അവതരിപ്പിക്കുകയും ചെയ്തു.
യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ്സ് ആക്റ്റ് (ഡിഎംഎ) നിയമം പാലിക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയനില്‍ മാത്രമായി ആപ്പിള്‍ വിവിധ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.
തേഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകള്‍ക്ക് അനുമതി ലഭിച്ചതോടെ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ അല്ലാതെ മറ്റ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഐഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ആന്‍ഡ്രോയിഡില്‍ നേരത്തെ തന്നെ ഈ സംവിധാനം നിലവിലുണ്ട്.
ആപ്പിള്‍ ആപ്പ് സ്റ്റോറിലെ വിവിധ ഫീസുകള്‍ മറികടക്കാന്‍ ഇത് ഡെവലപ്പര്‍മാരെ സഹായിക്കും. ആപ്പ് സ്റ്റോറില്‍ ആപ്പിന്റെ ഡൗണ്‍ലോഡിന്റെ എണ്ണം 10 ലക്ഷം കവിഞ്ഞാല്‍ ഡൗണ്‍ലോഡ് ഒന്നിന് 50 ശതമാനം ഫീസാണ് ആപ്പിള്‍ ഈടാക്കുന്നത്. ഇന്‍ ആപ്പ് പര്‍ച്ചേസുകള്‍ക്കും നിശ്ചിത തുക ആപ്പിള്‍ ഡെവലപ്പര്‍മാരില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്.
മറ്റ് ആപ്പ്സ്റ്റോറുകള്‍ ഐഫോണില്‍ അനുവദിക്കാത്തതിനാല്‍ ആപ്പിള്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ ഡെവലപ്പര്‍മാര്‍ നിര്‍ബന്ധിതരായിരുന്നു. ആപ്പിളിന്റെയും ഗൂഗിളിന്റേയുമെല്ലാം ഈ മേല്‍ക്കോയ്മ തകര്‍ത്താണ് യൂറോപ്യന്‍ യൂണിയന്‍ സിഎംഎ നിയമം അവതരിപ്പിച്ചത്.
ആപ്പിളിന്റെ വെബ് കിറ്റിന്റെ ഭാഗമല്ലാത്ത മറ്റ് ബ്രൗസറുകളും യൂറോപ്പിലെ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഇനി ഇന്‍സ്റ്റാള്‍ ചെയ്യാനാവും. ഇഷ്ടാനുസരണം ഡിഫോള്‍ട്ട് ബ്രൗസറും നിശ്ചയിക്കാനാവും.