നിയോ നാസി ഗ്രൂപ്പുകൾക്ക് സംരക്ഷണം; ടെലഗ്രാമിന് പൂട്ടിട്ട് ബ്രസീൽ

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനെതിരെ നടപടിയുമായി ബ്രസീൽ

author-image
Lekshmi
New Update
നിയോ നാസി ഗ്രൂപ്പുകൾക്ക് സംരക്ഷണം; ടെലഗ്രാമിന് പൂട്ടിട്ട് ബ്രസീൽ

ബ്രസീലിയ: മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനെതിരെ നടപടിയുമായി ബ്രസീൽ.രാജ്യവ്യാപകമായി ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കി ബ്രസീൽ കോടതിയാണ് ഉത്തരവിറക്കിയത്.ഫെഡറൽ കോടതിയുടേതാണ് ഉത്തരവ്.ആപ്പിലെ നിയോ-നാസി ചാറ്റ് ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം കൈമാറാൻ ബ്രസീൽ ഫെഡറൽ പൊലീസ് ടെലഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിൽ വീഴ്ചവരുത്തിയെന്ന് കാണിച്ചാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.കഴിഞ്ഞ വർഷം നവംബറിൽ ബ്രസീലിലെ രണ്ട് സ്‌കൂളുകളിൽ നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട കേസിലാണ് ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ചുള്ള വിവരം പൊലീസ് തേടിയത്.എന്നാൽ വിവരങ്ങൾ നൽകാൻ പറ്റില്ലെന്ന് ടെലഗ്രാം വൃത്തങ്ങൾ വ്യക്തമാക്കുകയായിരുന്നു.

ടെലഗ്രാം നിരോധിക്കാനുള്ള ആലോചന നേരത്തെ തന്നെ നടന്നിരുന്നതായി ബ്രസീൽ ഫെഡറൽ പൊലീസ് വാർത്താകുറിപ്പിൽ അറിയിച്ചു.അന്വേഷണവുമായി ടെലഗ്രാം സഹകരിക്കുന്നില്ലെന്ന് പൊലീസ് നൽകിയ വിവരങ്ങളിൽനിന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.അന്വേഷണവുമായി തുടർന്നും സഹകരിച്ചില്ലെങ്കിൽ പൂർണനിരോധനം അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങിയേക്കാം.

അന്വേഷണത്തോടുള്ള നിസ്സഹകരണത്തിന് നേരത്തെ ടെലഗ്രാമിനെതിരെ ചുമത്തിയിരുന്ന പിഴ കോടതി കുത്തനെ കൂട്ടുകയും ചെയ്തിട്ടുണ്ട്.നേരത്തെ, ദിവസം ഒരു ലക്ഷം ബ്രസീലിയൻ റിയൽസ്(ഏകദേശം 16.43 ലക്ഷം രൂപ) ആയിരുന്നു കമ്പനിക്ക് ചുമത്തിയിരുന്ന പിഴ.ഇത് ഒരു മില്യൻ റിയൽസ്(ഏകദേശം 1.64 കോടി രൂപ) ആയാണ് കുത്തനെ ഉയർത്തിയത്.കോടതി ഉത്തരവിനു പിന്നാലെ ബ്രസീലിലെ പലയിടങ്ങളിലും ടെലഗ്രാം സേവനം നിലച്ചിട്ടുണ്ട്.

telegram brazil suspended