ന്യൂഡൽഹി: ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങളിൽ ചാണകവും ഗോമൂത്രവും അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന യൂട്യൂബ് വീഡിയോകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി.പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള “അപകീർത്തികരമായ” വിഡിയോകളാണ് യൂട്യൂബിൽ നിന്ന് നീക്കാൻ ഡൽഹി ഹൈക്കോടതി ഗൂഗിളിനോട് നിർദ്ദേശിച്ചത്.
ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ വിൽക്കുന്ന ക്യാച്ച് ഫുഡ്സ് അടക്കമുള്ള കമ്പനികൾ നൽകി ഹർജിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.അത്തരം വിഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നത് കമ്പനികളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുട്യൂബ് വീഡിയോകളിൽ വന്ന അഭിപ്രായങ്ങൾ പരിശോധിച്ചാൽ,അവ പൊതുജനങ്ങളെ സ്വാധീനിക്കുകയും അത്തരം തെറ്റായ പ്രസ്താവനകൾ വിശ്വസിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തതായി കോടതി പറഞ്ഞു.കോടതിയുടെ മുൻ നിർദ്ദേശങ്ങൾ പാലിച്ച് നടപടി സ്വീകരിച്ചെന്നും മൂന്ന് വീഡിയോകൾ നീക്കം ചെയ്തെന്നും ഗൂഗിളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.