കാത്തിപ്പുകൾക്കൊടുവിൽ സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 ഇന്ത്യൻ വിപണിയിൽ. ഗാലക്‌സി ടാബ് എസ്9 എഫ്ഇ സീരീസ് ടാബ്‌ലെറ്റുകളും ഗാലക്‌സി ബഡ്‌സ് എഫ്ഇ ഇയർബഡ്സ് മോഡലും ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് സാംസങ് സ്മാർട്ട്ടാഗ് 2 വിന്റെ ലോഞ്ച്. ആപ്പിൾ എയർ ടാഗിനെ പിന്നിലാക്കുന്ന സവിശേഷതകളുമായിട്ടാണ് സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 വിന്റെ വരവ്.
ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഓപ്ഷനുകളിൽ ലഭിക്കുന്ന സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 വിന് 2,799 രൂപയാണ് ഇന്ത്യയിലെ വില. ആപ്പിൾ എയർടാഗിനേക്കാൽ വില കുറവാണ്. പുതിയ സാംസങ് സ്‌മാർട്ട് ടാഗ് വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയും സാംസങ്ങിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറുകളിലും ഇന്ത്യയിലുടനീളമുള്ള സാംസങ് എക്‌സ്‌ക്ലൂസീവ് ഫിസിക്കൽ ഔട്ട്‌ലെറ്റുകളിലൂടെയും വിൽപ്പനയ്ക്കെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
മുൻതലമുറ മോഡലിനെ അപേക്ഷിച്ച് കാര്യമായ മാറ്റങ്ങളോടെയാണ് സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 വരുന്നത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷതക മുൻതലമുറ മോഡലുകളിലുള്ളതിനെക്കാൾ മികച്ച ബാറ്ററി ലൈഫ് നൽകുന്നു എന്നതാണ്.മാത്രമല്ല കോമ്പസ് വ്യൂ ഫീച്ചറും ഈ ടാഗിലൂടെ ആദ്യമായി കമ്പനി അവതരിപ്പിച്ചു.
കൂടാതെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം പവർ സേവിങ് മോഡും പുതിയ സ്മാർട്ട് ടാഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോസ്റ്റ് മോഡ് എന്ന ഫീച്ചറാണ് സാംസങ് ഗാലക്സി സ്മാർട്ട്ടാഗ് 2 ഡിവൈസിന്റെ മറ്റൊരു പ്രധാന സവിശേഷത. വലിയ റിംഗ് ലൂപ്പിനൊപ്പം കൂടുതൽ ഒതുക്കമുള്ള ദീർഘവൃത്താകൃതിയിലുള്ള ഡിസൈനും മറ്റൊരു ആകർഷണമാണ്.
ഉപയോക്താക്കൾക്ക് കോൺടാക്റ്റ് വിവരങ്ങൾ കണ്ടെത്തുന്നതിന് ടാഗ് കൈയ്യിൽ കിട്ടുന്ന ആരെയും സഹായിക്കുന്ന പുതിയ മോഡാണ് ലോസ്റ്റ് മോഡ് എന്നറിയപ്പെടുന്നത്. ഉപയോക്താക്കൾക്ക് ഒരു മെസേജ് വഴി അവരുടെ കോൺടാക്റ്റ് വിവരങ്ങൾ ഈ സ്മാർട്ട് ടാഗിലേക്ക് എളുപ്പത്തിൽ ഇൻപുട്ട് ചെയ്യാൻ സാധിക്കും.
ഇതിലൂടെ കാണാതായ ടാഗ് കൈയ്യിൽ കിട്ടുന്ന വ്യക്തികൾക്ക് അവരുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ടാഗ് സ്കാൻ ചെയ്ത് ഉടമയെ എളുപ്പം കണ്ടെത്താൻ സാധിക്കും. ഈ ഫീച്ചർ എൻഎഫ്സി റീഡറും വെബ് ബ്രൗസറും ഉള്ള സ്മാർട്ട്ഫോണുകളിൽ ഉപയോഗിക്കാം.