സാംസങ്ങിന് ജീവനക്കാർ കൊടുത്തത് എട്ടിന്റെ പണി.പ്രധാനപ്പെട്ട കമ്പനി വിവരങ്ങൾ ഓപൺഎ.ഐയുടെ എ.ഐ ചാറ്റ്ബോട്ടായ ചാറ്റ്ജി.പി.ടിയിൽ അബദ്ധത്തിൽ ചോർത്തിയതിന് മൂന്ന് ജീവനക്കാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.തങ്ങളുടെ സെമികണ്ടക്ടർ ഫെസിലിറ്റികളിൽ ചാറ്റ്ജി.പി.ടി ഉപയോഗിക്കുന്നതിന് സാംസങ് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
എന്നാൽ, അംഗീകാരം ലഭിച്ച് ഇരുപത് ദിവസത്തിനുള്ളിൽ, ജീവനക്കാർ ഡാറ്റ ചോർത്തിയ മൂന്ന് വ്യത്യസ്ത സംഭവങ്ങളാണ് സാംസങ്ങിന് നേരിടേണ്ടി വന്നത്.ഒരു സാംസങ് ജീവനക്കാരൻ പിശകുകൾ പരിശോധിക്കുന്നതിനായി അതീവ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയുടെ സോഴ്സ് കോഡ് കൊണ്ടുപോയി ചാറ്റ്ബോട്ടിൽ പേസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റൊരു ജീവനക്കാരൻ "കോഡ് ഒപ്റ്റിമൈസേഷന്" വേണ്ടി ആവശ്യപ്പെട്ടുകൊണ്ടാണ് എ.ഐ ചാറ്റ്ബോട്ടുമായി കോഡ് പങ്കിട്ടത്.എന്നാൽ, മൂന്നാമത്തെ സംഭവത്തിൽ, ഒരു രഹസ്യ കമ്പനി മീറ്റിങ്ങിന്റെ റെക്കോർഡിങ് ആണ് ഒരു ജീവനക്കാരൻ ചാറ്റ്ജി.പി.ടിയുമായി പങ്കിട്ടത്. അത് കുറിപ്പുകളാക്കി മാറ്റാനാണ് അയാൾ ചാറ്റ്ബോട്ടിനോട് ആവശ്യപ്പെട്ടത്.
ഇന്റർനെറ്റിൽ സീക്രട്ട് എന്നൊന്നില്ല.സാംസങ് ജീവനക്കാർ പങ്കിട്ട വിവരങ്ങൾ ഇനി എല്ലാ കാലത്തും ചാറ്റ്ജി.പി.ടിയുടെ ഭാഗമാണ്. അതാണ് സാംസങ്ങിനെ അലോസരപ്പെടുത്തിയതും.സംഭവത്തിന് പിന്നാലെ, സാംസങ് ഇപ്പോൾ ചാറ്റ്ജി.പി.ടിയിലേക്കുള്ള അപ്‌ലോഡുകൾ ഒരാൾക്ക് 1024 ബൈറ്റുകൾ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ചോർച്ചയുടെ ഭാഗമായ ജീവനക്കാരെക്കുറിച്ചും കമ്പനി അന്വേഷണം നടത്തുന്നുണ്ട്.ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ AI ചാറ്റ്ബോട്ടിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കുന്ന കാര്യം സാംസങ് പരിഗണിക്കുന്നതായും റിപ്പോർട്ടുണ്ട്.