ന്യൂഡല്‍ഹി: ഇന്ത്യയിലെ മീഡിയ ബിസിനസുകള്‍ ലയിപ്പിക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആഗോള കമ്പനിയായ വാള്‍ട്ട് ഡിസ്‌നിയും തമ്മില്‍ ധാരണയായി. റിലയന്‍സിന്റെ വയാകോം18നും ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യയുമായി ലയിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിനോദ വ്യവസായ വിപണിയുടെ സിംഹഭാഗവും പുതിയ കമ്പനിക്ക് സ്വന്തമാകും. ഇരു കമ്പനികളുമായുള്ള ലയനത്തിന്റെ വിശദാംശങ്ങള്‍ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ബ്‌ളൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഡിസ്‌നി പ്‌ളസ് ഹോട്ട് സ്റ്റാര്‍, വിവിധ എന്റര്‍ടെയിന്‍മെന്റ് ചാനലുകളും ഡിസ്നി ഇന്ത്യയുടെ ഉടമസ്ഥതയിലാണ്.
ടി.വി സംപ്രേഷണം, സ്ട്രീമിംഗ്, ഒ.ടി.ടി, സിനിമ, സ്‌പോര്‍ട്ട്‌സ് എന്നിവയടങ്ങുന്ന പുതിയ കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 61 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ഡിസ്നിയുടെ ഇന്ത്യയിലെ ബിസിനസിലെ ഓഹരികള്‍ ഏകദേശം 33,000 കോടി രൂപയ്ക്ക് റിലയന്‍സിന് വില്ക്കാനാണ് ധാരണയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജപ്പാനിലെ സോണിയും ഇന്ത്യയിലെ സീ ന്യൂസുമായി ലയിപ്പിക്കുവാനുള്ള നീക്കം കഴിഞ്ഞ ദിവസം ഇരു കമ്പനികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.