സ്മാര്‍ട്ഫോണ്‍ ചാര്‍ജിങ് വേഗത്തില്‍ പുതിയ കണ്ടെത്തലുമായി റെഡ്മി. 300 വാട്ട് ചാര്‍ജിങ് സാങ്കേതിക വിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ വെറും അഞ്ച് മിനിറ്റ് കൊണ്ട് ഫോണ്‍ 100% ചാര്‍ജ് ചെയ്യാം.
സാങ്കേതിക വിദ്യ എന്താണെന്ന് പരിജയപ്പെടുത്തിക്കൊണ്ട് റെഡ്മി ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. വിഡിയോയില്‍ ഒരു മോഡിഫൈ ചെയ്ത റെഡ്മി നോട്ട് 12 ഡിസ്‌കവറി എഡിഷന്‍ കാണാം. അതായത് 4300 എംഎഎച്ച് ബാറ്ററിക്ക് പകരം 4100 എംഎഎച്ച് ബാറ്ററി ഉപയോഗിച്ചിരിക്കുന്ന ഫോണില്‍ സൂപ്പര്‍ഫാസ്റ്റ് ചാര്‍ജറാണ് ഘടിപ്പിച്ചിരിക്കുന്നുത്.
രണ്ട് മിനിറ്റുകൊണ്ട് മാത്രം ഫോണ്‍ പകുതിയും ചാര്‍ജ് ചെയ്യുകയും അഞ്ച് മിനിറ്റ് കൊണ്ട് തന്നെ 100 ശതമാനം ചാര്‍ജ് ആവുകയും ചെയ്തു.തങ്ങളുടെ പുതിയ ചാര്‍ജറിന് 300 വാട്ട് വരെ ചാര്‍ജിങ് ശേഷി ഉണ്ടെങ്കിലും ചാര്‍ജ് ചെയ്യുന്ന സമയത്ത് 290 വാട്ട് ചാര്‍ജിങ് മാത്രമേ നടക്കുകയുള്ളൂ.
ചൈനയില്‍ അവതരിപ്പിച്ച റെഡ്മി നോട്ട് ഡിസ്‌കവറി എഡിഷനില്‍ 240 വാട്ട് ചാര്‍ജര്‍ ഉപയോഗിച്ച് ഒമ്പത് മിനിറ്റില്‍ ഫുള്‍ചാര്‍ജ് ആവുന്ന സാങ്കേതിക വിദ്യ നേരത്തെ തന്നെ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.പക്ഷെ ഏറ്റവും വലിയ എതിരാളികളൊന്നായ ചൈനീസ് ബ്രാന്‍ഡ് റിയല്‍മിയുടെ 240 വാട്ട് ചാര്‍ജിങ് സാങ്കേതിക വിദ്യയെ മറികടക്കാന്‍ ഷാവോമിക്ക് കഴിഞ്ഞു.
റിയല്‍മിയുടെ പുതിയ ജിടി നിയോ 5 പത്ത് മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാനാവുന്ന സാങ്കേതിക വിദ്യയാണ് റിയല്‍മിയുടേത്.റെഡ്മി തങ്ങളുടെ ഏതെങ്കിലും ഫോണുകളില്‍ ഈ പുതിയ അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യ അവതരിപ്പിക്കുമോ എന്നതിന് വ്യക്തത വന്നിട്ടില്ല.