ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ പേയ്ടിഎമ്മിന് എതിരെയുള്ള നടപടി കമ്പനിയുടെ യുപിഐ ബിസിനസിനും തിരിച്ചടിയായി. ആര്‍ബിഐ നിയന്ത്രണം പ്രഖ്യാപിച്ചതിനു പിന്നാലെ ഒറ്റമാസം കൊണ്ട് പേയ്ടിഎം ആപ് വഴിയുള്ള യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 10 ശതമാനവും
ഇടപാടു തുകയില്‍ 14 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് കണക്ക് പുറത്തുവിട്ടത്. ജനുവരി 31നാണ് പേയ്ടിഎം ബാങ്കിനെതിരെ റിസര്‍വ് ബാങ്ക് നടപടി പ്രഖ്യാപിക്കുന്നത്. ആര്‍ബിഐയുടെ നിയന്ത്രണം പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരെ മാത്രമാണ്. യുപിഐ സേവനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്തെ 84% യുപിഐ ഇടപാടുകളും ഫോണ്‍പേ (47.35%), ഗൂഗിള്‍പേ (36.67%) പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ്. ജനുവരിയില്‍ 12.73% ഇടപാടുകള്‍ പേയ്ടിഎം വഴിയായിരുന്നെങ്കില്‍ ഫെബ്രുവരിയില്‍ ഇത് 10.84 ശതമാനമായി. ഇടപാടുകളില്‍ ഉള്‍പ്പെട്ട മൂല്യം കണക്കാക്കിയാല്‍ 10.31 ശതമാനമായിരുന്നത് 8.51 ശതമാനമായി . 49.82% ഫോണ്‍പേയിലാണ്. ഗൂഗിള്‍പേയില്‍ 34.58 ശതമാനവും.