ഗൂഗിള്‍ പേയില്‍ ഇനി റുപേ കാര്‍ഡ് ഉപയോഗിച്ചും പണമിടപാട് നടത്താം. നാഷണല്‍ പേമെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പുതിയ സൗകര്യം ലഭ്യമാക്കുന്നത്. റുപേ കാര്‍ഡുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യം നേരത്തെ തന്നെ വന്നിരുന്നെങ്കിലും ഇത് ഗൂഗിള്‍ പേയില്‍ ലഭ്യമായിരുന്നില്ല.
പുതിയ സൗകര്യം എത്തുന്നതോടെ ഗൂഗിള്‍ പേ ഉപയോഗിച്ച് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടില്‍ നിന്നും പണം ചിലവാക്കി ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ പോലും ഇടപാട് നടത്താനാവും.മാത്രമല്ല സൈ്വപ്പിങ് മെഷീന്‍ സൗകര്യമില്ലാത്ത ചെറിയ കടകളിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കും.
നിലവില്‍ ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊടാക്ക് മഹിന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളാണ് നിലവില്‍ ഗൂഗിള്‍ പേയില്‍ ലിങ്ക് ചെയ്യാനാവുക. കൂടുതല്‍ ബാങ്കുകളെ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.
ഗൂഗിള്‍ പേയില്‍ നേരത്തെ തന്നെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്കുള്ള സൗകര്യം ലഭ്യമാണ്. പുതിയ അപ്ഡേറ്റിലൂടെ റുപേ ക്രെഡിറ്റ് കാര്‍ഡുകളും ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കാം. അതേസമയം വിസ, മാാസ്റ്റര്‍ കാര്‍ഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഗൂഗിള്‍ പേയിലോ മറ്റേതെങ്കിലും യുപിഐ ആപ്പുകളിലോ ബന്ധിപ്പിക്കാനുള്ള സൗകര്യം ലഭ്യമല്ല.
എങ്ങനെ ഉപയോഗിക്കാം?
- ഗൂഗിള്‍ പേ തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ Set up UPI Payments Methods ഓപ്ഷന് താഴെ റുപേ ക്രെഡിറ്റ് കാര്‍ഡ് ചേര്‍ക്കാനുള്ള ഓപ്ഷനുണ്ടാവും.
- കാര്‍ഡിലെ വിവരങ്ങള്‍ നല്‍കി ഓടിപി ഒതന്റിക്കേഷന്‍ നല്‍കിയാല്‍ കാര്‍ഡ് ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കപ്പെടും.
- ഇതിന് ശേഷം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തോ? ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണമിടപാട് നടത്താം.