ട്വിറ്ററുമായുള്ള മത്സരത്തിന്റെ ഭാഗമായി മെറ്റയുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം പുതിയ ടെക്‌സ്‌റ്റ് അധിഷ്‌ഠിത ആപ്പ് പുറത്തിറക്കാനൊരുങ്ങുന്നു.ട്വിറ്റർ അൽപ്പം പ്രതിസന്ധിയിലാണ് ഈ സാഹചര്യം മുതലെടുത്താണ് മെറ്റ മൈക്രോബ്ലോഗിങ് രംഗത്തേക്കും കാലെടുത്തുവെക്കുന്നത്.
സജീവ ഉപയോക്താക്കളുടെ എണ്ണത്തിൽ ഏറെ മുമ്പിലുള്ള ഇൻസ്റ്റഗ്രാം ‘ടെക്സ്റ്റ് ബേസ്ഡ്’ ആപ്പുമായി എത്തുമ്പോൾ,ട്വിറ്ററിന് അത് വലിയൊരു തിരിച്ചടിയായി മാറിയേക്കും.സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും ഉപയോഗിച്ച് ഇൻസ്റ്റഗ്രാം നിലവിൽ പുതിയ മൈക്രോബ്ലോഗിങ് ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്തവൃത്തങ്ങളുടെ വെളിപ്പെടുത്തൽ പ്രകാരം,മാസങ്ങളായി ചില ഇൻസ്റ്റഗ്രാം ക്രിയേറ്റർമാർക്ക് പുതിയ ആപ്പ് ലഭ്യമായിട്ടുണ്ട്.P92 അല്ലെങ്കിൽ ബാഴ്‌സലോണ എന്നാണ് ആപ്പിന് നിലവിൽ നൽകിയിരിക്കുന്ന കോഡ്നെയിം.ജൂണിൽ പബ്ലിക്കിന് ആപ്പ് ലഭ്യമാകുമെന്നാണ് സൂചന.
പുതിയ ആപ്പിൽ ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പറയുന്നു കൂടാതെ, അവരുടെ ഇൻസ്റ്റ ഫോളോവേഴ്‌സ്,ഹാൻഡിൽ,ബയോ,വെരിഫിക്കേഷൻ എന്നിവയും പ്രധാന ആപ്പിൽ നിന്ന് പുതിയ മൈക്രോ ബ്ലോഗിങ് ആപ്പിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടും.