റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി, സിലിക്കന്‍ വാലി കേന്ദ്രീകൃത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടു പ്ലാറ്റ്ഫോംസിന്റെ 25 ശതമാനം ഓഹരി 112 കോടി രൂപയ്ക്ക് സ്വന്തമാക്കിയതായി് ബ്ലൂംബര്‍ഗ് ക്വിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ റിയാലിറ്റി (എആര്‍) കമ്പനിയായ ടു സ്ഥാപിച്ചത് ഇന്ത്യന്‍ വംശജനായ, ടെക്നോളജി മാന്ത്രികന്‍ പ്രണവ് മിസ്ട്രിയാണ്. ലോകം സാങ്കേതികവിദ്യാപരമായി ഇത്രയധികം മുന്നേറുന്നതിനു മുന്‍പ്, സിക്സ്ത് സെന്‍സ് എന്ന അദ്ഭുതം പുറത്തെടുത്ത് അമ്പരപ്പിച്ച എംഐടി മീഡിയ ലാബ് വിദ്യാര്‍ഥി എന്ന നിലയിലാണ് ടെക്നോളജി പ്രേമികള്‍ പ്രണവിനെ ആദ്യം ശ്രദ്ധിക്കുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അനുഭവങ്ങള്‍ക്കായി അദ്ദേഹം സ്ഥാപിച്ചിരിക്കുന്ന കമ്പനിയാണ് ടു.
സിക്സ്ത് സെന്‍സ് കൂടാതെ, സാംസങ് ഗ്യാലക്സി ഗിയര്‍ വികസിപ്പിക്കുന്ന കാര്യത്തിലും പ്രണവിന്റെ പ്രാവീണ്യം പ്രയോജനപ്പെടുത്തിയിരുന്നു.തങ്ങളുടെ ഡിജിറ്റല്‍ ബിസിനസ് വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ടുവില്‍ അംബാനി നിക്ഷേപമിറക്കുന്നത് എന്ന് ഇന്റര്‍നെറ്റിന്റെ അടുത്ത ഘട്ടമെന്നു വിശേഷിപ്പിച്ചു വരുന്ന മെറ്റാവേഴ്സിലേക്ക് അംബാനി വയ്ക്കുന്ന ആദ്യ ചുവടാണിതെന്നും വിലയിരുത്തലുകളുണ്ട്.
വെര്‍ച്വല്‍ ഇടങ്ങള്‍
വരും പതിറ്റാണ്ടുകളില്‍ വെര്‍ച്വല്‍ ലോകങ്ങള്‍ക്ക് മൂല്യം വര്‍ധിക്കുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ഇന്‍ഫിനിറ്റി ഫോറത്തില്‍ നടത്തിയ സംസാരത്തിനിടയില്‍ അംബാനി അഭിപ്രായപ്പെട്ടിരുന്നു.വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന തരം വെര്‍ച്വല്‍ റിയല്‍ എസ്റ്റേറ്റ് മേഖല തന്നെ രൂപപ്പെട്ടേക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. പുതിയ നിക്ഷേപത്തിനു ശേഷം ടുവും ജിയോയും സഹകരിച്ച് നിലവിലുളള പ്രതിബന്ധങ്ങളെ തകര്‍ത്തെറിയാനൊരുങ്ങുന്ന എഐ, മെറ്റാവേഴ്സ്, മിക്സെഡ് റിയാലിറ്റി തുടങ്ങിയ ടെക്നോളജികളുടെ വികസിപ്പിക്കലിനും നടപ്പാക്കലിനുമായി കൈകോര്‍ക്കും.
ഡിജിറ്റല്‍ ഹ്യൂമന്‍സ് അടക്കം പലതും
ടുവിന്റെ എആര്‍ പ്ലാറ്റ്ഫോമില്‍ ഇപ്പോള്‍ത്തന്നെ മാന്ത്രികമെന്നു തോന്നിപ്പിക്കാവുന്ന പല സാങ്കേതികവിദ്യകളും ലഭ്യമാണ്. തത്സമയ എഐ വിഡിയോ, ഓഡിയോ കോളുകള്‍, ഡിജിറ്റല്‍ ഹ്യൂമന്‍സ് (കോണ്‍വര്‍സേഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ഇമ്മേഴ്സീവ് സ്പേസസ്, യഥാര്‍ഥമെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഗെയിമുകള്‍ എന്നിങ്ങനെ പലതിലും മുന്നിട്ടിറങ്ങിയിരിക്കുന്ന കമ്പനിയാണ് പ്രണവിന്റേത്. കണ്‍സ്യൂമര്‍ തലത്തില്‍, ഇടപെടാവുന്ന എഐയെ എത്തിക്കുക എന്നതാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. തുടര്‍ന്ന് വിനോദ വ്യവസായത്തിലേക്കും, ഗെയിമിങ്ങിലേക്കും ഈ സാങ്കേതികവിദ്യകള്‍ കൊണ്ടുവരും. തുടര്‍ന്നുള്ള ഘട്ടത്തിലായിരിക്കും റീട്ടെയില്‍ വില്‍പനാ മേഖല, സേവന മേഖല, വിദ്യാഭ്യാസ മേഖല, ആരോഗ്യ-സൗഖ്യ മേഖലകള്‍ തുടങ്ങിയവയിലേക്ക് പുതിയ സാങ്കേതികവിദ്യകളെ പറിച്ചുനടുക.
ന്മ ശക്തമായ അനുഭവങ്ങള്‍ മതിപ്പു പകര്‍ന്നെന്ന് ആകാഷ് അംബാനി
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, മെറ്റാവേഴ്സ്, വെബ്3.0 തുടങ്ങിയ മേഖലകളില്‍ ടു കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ തങ്ങളില്‍ മതിപ്പുളവാക്കിയെന്ന് മുകേഷ് അംബാനിയുടെ മകന്‍ ആകാഷ് അംബാനി അഭിപ്രായപ്പെട്ടു. ടുവും ജിയോയും സഹകരിച്ചുള്ള മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ററാക്ടീവ് എഐ, മികവാര്‍ന്ന ഗെയിമിങ്, മെറ്റാവേഴ്സ് തുടങ്ങിയവയിലെല്ലാം സഹകരിക്കുമെന്ന് ജിയോയുടെ ഡയറക്ടര്‍ കൂടിയായ ആകാഷ് പറഞ്ഞു.
ന്മ മുംബൈയില്‍ 8 മണിക്കൂറിലേറെ നേരത്തേക്ക് ജിയോ നെറ്റ്വര്‍ക്ക് തകാരാറിലായി
രാജ്യത്തിന്റെ ബിസിനസ് സിരാകേന്ദ്രമായ മുംബൈയില്‍, ടെലികോം ഭീമന്‍ ജിയോയുടെ നെറ്റ്വര്‍ക്ക് 8 മണിക്കൂറിലേറെ സമയത്തേക്ക് തകരാറിലായത് ഉപയോക്താക്കള്‍ക്ക് കടുത്ത വിഷമങ്ങള്‍ സൃഷ്ടിച്ചു. ഏകദേശം ഉച്ച മുതല്‍ വൈകീട്ട് 8 മണി വരെയാണ് കവറേജ് ഇല്ലാതായതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടുചെയ്യുന്നു. മുംബൈ സര്‍ക്കിളില്‍ 1.30 കോടി സബ്സ്‌ക്രൈബര്‍മാരാണ് ജിയോയ്ക്ക് ഉള്ളത്. എന്തുകൊണ്ടാണ് പ്രശ്നം ഉണ്ടായതെന്ന് വ്യക്തമല്ലെന്ന് കമ്പനി പറയുന്നു.
നഷ്ടപ്പെട്ട സമയത്തിനു പകരം രണ്ടു ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ഉപയോഗം പകരം നല്‍കുമെന്നും കമ്പനി അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്നം പരിഹരിക്കാന്‍ തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്ക് സാധിച്ചു എങ്കിലും ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് ലഭിക്കാതെ പോയത് അത്ര സുഖകരമായ കാര്യമായി അനുഭവപ്പെട്ടിട്ടില്ലെന്ന് തങ്ങള്‍ക്ക് അറിയാമെന്നും കമ്പനി നല്‍കിയ ക്ഷമാപണ സന്ദേശത്തില്‍ പറയുന്നു. മുംബൈയിലെ ജിയോ ഉപയോക്താക്കള്‍ ആരെയെങ്കിലും വിളിക്കാന്‍ തുടങ്ങുമ്പോള്‍ താങ്കള്‍ ഈ നെറ്റ്വര്‍ക്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന സന്ദേശമായിരുന്നു ലഭിച്ചിരുന്നത്. തുടര്‍ന്ന് പ്രശ്നം ഘട്ടം ഘട്ടമായി പരിഹരിച്ചു വരികയാണെന്നും ഉപയോക്താക്കള്‍ ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്നും കമ്പനി ആവശ്യപ്പെടുകയായിരുന്നു.
ഐഫോണ്‍ എസ്ഇ 3 അടുത്ത മാസം അവതരിപ്പിക്കും
ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണ്‍ ശ്രേണിയായ എസ്ഇയുടെ പുതിയ മോഡല്‍ മാര്‍ച്ചില്‍ പുറത്തിറക്കിയേക്കും. ഐഫോണ്‍ എസ്ഇ3, അല്ലെങ്കില്‍ ഐഫോണ്‍ എസ്ഇ 5ജി എന്നോ ആയിരിക്കാം പുതിയ മോഡലിന്റെ പേര് എന്ന് ബ്ലൂംബര്‍ഗിലെ മാര്‍ക്ക് ഗുര്‍മന്‍ പ്രവചിക്കുന്നു. മാര്‍ച്ച് 8ന് ആയിരിക്കാം അവതരണമെന്നും അദ്ദേഹം ഊഹിക്കുന്നു. ഐപാഡ് എയര്‍ ശ്രേണിയിലെ പുതിയ ടാബും ഐഫോണ്‍ എസ്ഇക്ക് ഒപ്പം പുറത്തിറക്കിയേക്കും.
മാഗ്സെയ്ഫ് സാങ്കേതികവിദ്യ ഉണ്ടായേക്കില്ലെന്ന്
പുതിയ പ്രീമിയം ഐഫോണുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മാഗ്സെയ്ഫ് വയര്‍ലെസ് ചാര്‍ജിങ് സാങ്കേതികവദ്യ എസ്ഇ 3 മോഡലിന് ഉണ്ടായേക്കില്ലെന്ന് 9ടു5മാക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു. പകരം ചി (Qi) വയര്‍ലെസ് സാങ്കേതികവിദ്യ ആയിരിക്കും എസ്ഇ മോഡലില്‍ എന്നാണ് അവര്‍ കരുതുന്നത്. ഇപ്പോള്‍ വില്‍പനയിലുള്ള എസ്ഇ 2020 മോഡലിന്റെ രൂപകല്‍പനാ രീതിയും എസ്ഇ3 മോഡലിന് പ്രതീക്ഷിക്കുന്നു. ഏറ്റവും പുതിയ എ15 ബയോണിക് പ്രോസസര്‍, 5ജി എന്നിവയായിരിക്കും എസ്ഇ മോഡലില്‍ വരുന്ന പുതുമകള്‍. അതേസമയം, ഐഫോണ്‍ 8ന്റെ രൂപകല്‍പനാ രീതിയായിരിക്കും ഇതിന് എന്നത് ഫോണിന്റെ ശോഭകെടുത്തുമെന്നു കരുതുന്നവരും ഉണ്ട്.
ബൈഡന്‍ ടെസ്ലയെ അവഗണിക്കുന്നു, മസ്‌കിനു രോഷം
അമേരിക്കയിലെ ഇലക്ട്രിക് വാഹന കമ്പനികളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ തന്റെ കമ്പനിയായ ടെസ്ലയെ പ്രസിഡന്റ് ജോ ബൈഡന്‍ അവഗണിക്കുന്നതിലെ നിരാശ മറച്ചുവയ്ക്കാതെ രംഗത്തെത്തിയിരിക്കുകയാണ് ഇലോണ്‍ മസക്. മറ്റു ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനികളായ ജിഎം, ഫോര്‍ഡ് തുടങ്ങിയവയെക്കുറിച്ചു പറയാന്‍ ബൈഡന്റെ നാവു പൊങ്ങുമെങ്കിലും ടെസ്ലയെക്കുറിച്ച് ഒരക്ഷരം അദ്ദേഹം പറയില്ല. അങ്ങനെയൊരു പേര് കേട്ട ലക്ഷണം പോലും അദ്ദേഹം കാട്ടാറുമില്ല. ലോകത്തെ ഏറ്റവും മൂല്യമുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയാണ് ടെസ്ല എന്നതു കൂടാതെ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ്എക്സുമായി നാസയും അമേരിക്കന്‍ സൈന്യവും വരെ സഹകരിക്കുന്നുമുണ്ടെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. എന്നിട്ടും പ്രസിഡന്റ് മാത്രം അങ്ങനെ ഒരു പേര് എവിടെയും കേട്ട ലക്ഷണം ഒരിക്കലും പ്രകടിപ്പിക്കുന്നില്ല.