പത്തക്ക മൊബൈല്‍ നമ്പര്‍ തന്നെ ഓര്‍ത്തിരിക്കാന്‍ പാടുപെടുമ്പോഴാണ് ഇതാ മറ്റൊരു കുടുക്ക്. നമ്പര്‍ 13 അക്കമാക്കാന്‍ പോകുന്നു. എങ്കില്‍ എങ്ങനെയായിരിക്കും ഇപ്പോഴുളള നമ്പര്‍ മാറ്റുകയെന്നിങ്ങനെ നിരവധി സംശയമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയിലുളളത്.
എന്നാല്‍ ഇപ്പോഴുള്ള പുതുതലമുറ നമ്പര്‍ സിസ്റ്റത്തിലേക്കു മാറാനുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് ടെലികോ (ഡിഒടി) മിന്റെ സര്‍ക്കുലര്‍ കണ്ടു തെറ്റിദ്ധരിച്ചതാണ് ഈ പ്രചാരണത്തിനു കാരണം. നിലവില്‍ ഉപയോക്താക്കളുടെ സിം നമ്പറുകള്‍ 13 അക്കത്തിലേക്കു മാറ്റാന്‍ ഒരു നടപടിയുമില്ല.
മെഷീന്‍ ടു മെഷീന്‍ (എംടുഎം) ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിം കാര്‍ഡുകളുടെ നമ്പര്‍ ജൂലൈ മുതല്‍ 13 അക്കത്തിലേക്കു മാറ്റാനാണു ഡിഒടി സേവന ദാതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതായത് കാര്‍ഡ് സ്വൈപ്പിങ് മെഷീന്‍ പോലെയുള്ള ഒരു ഉപകരണത്തില്‍ നിന്ന് അടുത്ത ഉപകരണത്തിലേക്കു ആശയ വിനിമയം നടത്തുന്ന സിം കാര്‍ഡുകളുടെ നമ്പറുകളാണു മാറ്റം വരുത്തുന്നത്.
സാധാരണ ഉപയോക്താക്കള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന സിം കാര്‍ഡുകള്‍ക്ക് പേഴ്‌സന്‍ ടു പേഴ്‌സന്‍ (പിടുപി) സിം കാര്‍ഡുകള്‍ എന്നാണു പറയുന്നത്. ഇത്തരം സിം കാര്‍ഡുകള്‍ മാറ്റാന്‍ നിലവില്‍ തീരുമാനമില്ല. അതിനാല്‍ ഇപ്പോഴത്തെ മാറ്റം സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ബാധിക്കില്ല. 10 അക്ക നമ്പര്‍ സമ്പ്രദായം അതിന്റെ പരമാവധി ഉപയോക്താക്കളില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണു നമ്പര്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ ഡിഒടി തീരുമാനമെടുത്തിരിക്കുന്നത്. നിലവിലുള്ള പത്ത് അക്ക നമ്പര്‍ തുടരുമെങ്കിലും അതിനു മുന്നില്‍ സംസ്ഥാന ഡിജിറ്റായോ സര്‍വീസ് പ്രൊവൈഡറുടെ ഡിജിറ്റായോ മൂന്നക്കം കൂടി വരുമെന്നതാണ് വിശദീകരണം.
ഭാവിയില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ നമ്പറുകളും ഇതേ രീതിയില്‍ 13 അക്കത്തിലേക്കു മാറും. ഇതിന്റെ പ്രാഥമിക ഘട്ടത്തിലാണ് പ്രവര്‍ത്തകര്‍.