മുംബൈ: എഐ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. 'ഇമാജിന്‍' എന്ന പേരിലാണ് പ്രത്യേക എഐ അധിഷ്ഠിത ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്ഫോമാണ് മെറ്റ അവതരിപ്പിച്ചത്.
സാധാരണ ഭാഷയില്‍ നിര്‍ദേശങ്ങള്‍ നല്‍കി എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പ്ലാറ്റ്ഫോമാണിത്. ഡാല്‍ഇ, ലിയനാര്‍ഡോ എഐ, മിഡ്ജേണി പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമാണിത്.
നവംബറില്‍ നടന്ന മെറ്റയുടെ 'കണക്ട്' ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു ഈ ഇമേജ് ജനറേറ്റര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. നേരത്തെ തന്നെ മെറ്റയുടെ എഐ ചാറ്റ് ബോട്ടിനൊപ്പം ലഭ്യമായിരുന്ന ഈ ടൂള്‍ ഇപ്പോള്‍ പ്രത്യേക പ്ലാറ്റ്ഫോമായി അവതരിപ്പിച്ചിരിക്കുകയാണ്.
മെറ്റയുടെ എമു ഇമേജ് ജനറേഷന്‍ മോഡല്‍ ഉപയോഗിച്ചാണ് ഇമാജിന്‍ വിത്ത് മെറ്റയുടെ പ്രവര്‍ത്തനം. നിലവില്‍ ഇത് യുഎസിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാവും. ഇതിനായി imagine.meta.com എന്ന യുആര്‍എല്‍ സന്ദര്‍ശിക്കാം.
ഈ ടൂള്‍ വഴി നിര്‍മിക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ചിത്രം എഐ നിര്‍മിതമാണെന്ന് വ്യക്തമാക്കുന്ന വാട്ടര്‍മാര്‍ക്കും ഉള്‍പ്പെടുത്തും. ചിത്രങ്ങള്‍ കണ്ട് ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കാനാണിത്. വരും ആഴ്ചകളില്‍ ചിത്രങ്ങള്‍ക്കൊപ്പം അദൃശ്യ വാട്ടര്‍മാര്‍ക്കും ഉള്‍പ്പെടുത്തുമെന്നും മെറ്റ പറഞ്ഞു.